ശബ്ദങ്ങളുടെ ലോകം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭയന്ന ബാല്യകാലത്തിൽ നിന്നും വൈദ്യശാസ്ത്ര രംഗത്ത് വിസ്മയകരമായ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഡോ. പി.വി.
റിസ്വാന. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘ശ്രുതിതരംഗം’ വഴി കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേൾവിശക്തി വീണ്ടെടുത്ത റിസ്വാന, ഇന്ന് അതേ ശസ്ത്രക്രിയ നടത്തുവാൻ ഔദ്യോഗിക അംഗീകാരം നേടിയിരിക്കുകയാണ്.
ആലപ്പുഴ മണ്ണഞ്ചേരി പുത്തൻവീട്ടിൽ അബ്ദുൽ റഷീദ് – സബിത ദമ്പതികളുടെ മകളായ റിസ്വാനയ്ക്ക് 14 വർഷം മുൻപാണ് നിർണായകമായ ഈ ശസ്ത്രക്രിയ നടന്നത്. കുട്ടികളിലെ കേൾവി പരിമിതികൾക്ക് പരിഹാരം കാണുന്നതിനായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയായിരുന്നു ‘ശ്രുതിതരംഗം’.
അന്നത്തെ മന്ത്രി എം.കെ.മുനീറിന്റെ ചുമതലയിലായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. കോഴിക്കോട്ടെ മനോജ് ഇഎൻടി ക്ലിനിക്കിൽ ഡോ.
എം.പി. മനോജ് നേതൃത്വം നൽകിയ ശസ്ത്രക്രിയയിലൂടെയാണ് ആറാം വയസ്സിൽ റിസ്വാന തിരികെ ശബ്ദങ്ങളുടെ ലോകത്തെത്തിയത്.
തുടർപഠനത്തിൽ മിടുക്ക് തെളിയിച്ച റിസ്വാന കോട്ടയം മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. തുടർന്ന് ബിരുദാനന്തര ബിരുദത്തിനായി ഇഎൻടി വിഭാഗം തിരഞ്ഞെടുക്കുകയും, ഇപ്പോൾ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ വിജയകരമായി നിർവഹിക്കാനുള്ള ഔദ്യോഗിക അനുമതി സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.
2023 ലെ ലോക കേൾവിദിനത്തിൽ ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റിസ്വാനയുടെ ചിത്രമുള്ള പോസ്റ്റർ പ്രസിദ്ധീകരിച്ചിരുന്നു എന്നത് ഈ യുവഡോക്ടറുടെ കരിയറിലെ വലിയൊരു അംഗീകാരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

