കോഴിക്കോട് കമ്മത്ത് ലൈനിൽ നടന്ന ഒന്നരക്കോടി രൂപയുടെ ആഭരണ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. 46 ദിവസത്തോളം മൊബൈൽ ഫോൺ ഉപയോഗിക്കാതെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന സഫർനാസ് ആണ് പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിൽ അറസ്റ്റിലായത്.
മൂന്ന് തവണ പൊലീസിന്റെ വലയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്ന പ്രതി, യാത്രയ്ക്കിടയിൽ പരിചയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും സഹോദരന്റെയും സഹായത്തോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണിൽ നിന്നും ബന്ധുവിനെ വിളിച്ചതാണ് ഒടുവിൽ പ്രതിയുടെ പുതിയ താവളം കണ്ടെത്താനും വലയിലാക്കാനും പൊലീസിന് സഹായകമായത്.
കഴിഞ്ഞ ജൂലൈ 27നാണ് കമ്മത്ത് ലൈനിലെ 11 ജ്വല്ലറികളിൽ നിന്നും ആഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ ആസൂത്രണത്തിന് സഹോദരൻ പി.ടി.ഷഫീഖിന്റെ സഹായമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
ആഭരണങ്ങളുമായി സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി ആദ്യം കുന്നമംഗലത്തെത്തുകയും, അവിടെ നിന്നും സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് കടക്കുകയുമായിരുന്നു.
സുഹൃത്തിന്റെ സഹായത്തോടെ റിസോർട്ടിൽ മുറിയെടുത്തെങ്കിലും പൊലീസ് വിവരം അറിഞ്ഞതോടെ അവിടെ നിന്നും ബെംഗളൂരുവിലേക്ക് കടന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പിന്തുടർന്നുവെങ്കിലും, അവിടെ വെച്ച് പരിചയപ്പെട്ട
മറ്റൊരു സുഹൃത്തിനൊപ്പം പ്രതി കണ്ണൂർ മട്ടന്നൂരിലേക്ക് ഒളിത്താവലം മാറ്റുകയായിരുന്നു. പ്രതിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ പൊലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടയിൽ പ്രതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മട്ടന്നൂരിൽ പ്രതിയുണ്ടെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വീണ്ടും രക്ഷപ്പെടുകയായിരുന്നു.
അടുത്ത ബന്ധുവാണ് വിവരങ്ങൾ ചോർത്തി നൽകുന്നതെന്ന് മനസിലാക്കിയ പൊലീസ്, പ്രതിയുടെ സഹോദരൻ പി.ടി.ഷഫീഖിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് സഹോദരനുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്.
ഷഫീഖിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് വെള്ളയിൽ സ്വദേശിയായ സുഹൃത്തിന്റെ സഹായം ലഭിച്ച വിവരം പുറത്തുവന്നത്. വെള്ളയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ഈ സുഹൃത്ത് രക്ഷപ്പെടുകയായിരുന്നു.
ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണത്തിലാണ് മലപ്പുറം ചെറുകാവിൽ നിന്നും പ്രതിയെ ഒടുവിൽ പിടികൂടിയത്. കമ്മീഷണർ എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിൽ എസ്ഐമാരായ സജീഷ് ഷിനോബ്, ടി.എ.വിഷ്ണു, ടി.കെ.ബിനിൽ കുമാർ, എസ്സിപിഒമാരായ പി.ശ്രീജിത്ത് കുമാർ, വിശോഭ് ലാൽ, ജുനൈസ്, രതീഷ്, എൻ.രഞ്ജിത്ത് പാതിരിയിൽ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, സൈബർ സെൽ ഉദ്യോഗസ്ഥരായ സ്കൈലേഷ്, പി.പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
അതിനിടെ, വനിതാ പൊലീസ് ഇല്ലാതെ ടൗൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പുലർച്ചെ വീട്ടിലെത്തി പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പ്രതിയുടെ ഭാര്യ എൻ.പി.ജംഷീറ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
എന്നാൽ പ്രതിയുടെ വിവരങ്ങൾ ശേഖരിക്കാനായി വനിതാ പൊലീസിനൊപ്പമാണ് സംഘം വീട്ടിൽ പോയതെന്നും, ഇൻസ്പെക്ടർ അന്വേഷണത്തിനായി അവിടേക്ക് പോയിട്ടില്ലെന്നും ടൗൺ പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

