റിയാദ്: സൗദി അറേബ്യയുടെ നിർണായക എണ്ണ വിതരണ ശൃംഖലയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി സ്ഥിരീകരണം. ഇറാഖ് അതിർത്തിക്കുള്ളിൽ നിന്നും തൊടുത്തുവിട്ട
നിരവധി ഡ്രോണുകൾ പൈപ്പ്ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റിയാദ്, മദീന മേഖലകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
സംഭവത്തിൽ പൈപ്പ്ലൈന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൈപ്പ്ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സൗദിയോട് അഭ്യർത്ഥിച്ചിരുന്നു.
ഇറാഖ് ഭരണകൂടത്തിന് സമയം നൽകിക്കൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ തീരുമാനം. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യ നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.
സൗദിയുടെ ഈ നിലപാടിനെ ഇറാഖ് ഭരണകൂടം സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്ന് ഇറാഖ് വ്യക്തമാക്കി.
സ്വന്തം അതിർത്തിയോ വ്യോമപാതയോ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അൽ-നുമാൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ പ്രധാനമന്ത്രി അലി അൽ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്.
മദീനയ്ക്ക് തെക്കുകിഴക്കായി പൈപ്പ്ലൈൻ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടാവുകയും വൻതോതിൽ പുക ഉയരുകയും ചെയ്യുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൗദി അറേബ്യ കരമാർഗം എണ്ണ എത്തിക്കുന്നതിനുള്ള ഏറ്റവും വലിയ സംവിധാനമാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ചെങ്കടൽ തീരത്തെ തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാൻ സൗദി ആശ്രയിക്കുന്നത് 1,200 കിലോമീറ്ററോളം നീളമുള്ള ഈ പൈപ്പ്ലൈനിനെയാണ്. തന്ത്രപ്രധാനമായ ഈ എണ്ണപ്പാതയ്ക്ക് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

