ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിൽ ദാരുണമായ അപകടം. റോഡ് വികസനത്തിന്റെ ഭാഗമായി 200 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുമാറ്റുന്നതിനിടെ ക്ഷേത്രത്തിന്റെ താഴികക്കുടം തകർന്നു വീണ് തൊഴിലാളി മരിച്ചു.
അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും പരുക്കേറ്റിട്ടുണ്ട്. ബൽദേവ് യാദവ് (45) എന്ന തൊഴിലാളിയാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പിന്റെ കരാർ ഏറ്റെടുത്ത സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ചായിരുന്നു ക്ഷേത്രം പൊളിക്കുന്ന പ്രവൃത്തികൾ നടന്നുവന്നത്. മാസങ്ങളായി റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നുണ്ടായിരുന്നു.
എങ്കിലും, ഈ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരോടോ പ്രാദേശിക പൊലീസിനോടോ മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക്ഷേത്രം പൊളിച്ചുമാറ്റുന്നതിന് മുൻപായി തൊട്ടടുത്ത് മറ്റൊരു ക്ഷേത്രം നിർമിച്ച് വിഗ്രഹങ്ങൾ അടക്കമുള്ളവ ആചാരവിധിപ്രകാരം അങ്ങോട്ടേക്ക് മാറ്റി പ്രതിഷ്ഠ നടത്തിയിരുന്നു.
ക്ഷേത്ര കമ്മിറ്റിയുടെ അനുമതി ലഭിച്ച ശേഷമായിരുന്നു ഈ നടപടികൾ സ്വീകരിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ അപകടത്തെ തുടർന്ന് ക്ഷേത്രം പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

