അമേരിക്കയിലെ ജോർജിയയിൽ നടന്ന ദാരുണമായ സംഭവത്തിൽ ഇന്ത്യൻ വംശജയായ ഐടി വിദഗ്ധ കൊല്ലപ്പെട്ടു. ഗൂഗിളിലെ മുൻ സീനിയർ എൻജിനീയറിങ് ലീഡറായിരുന്ന ശീതൾ വ്രസെൻ (57) ആണ് ഭർത്താവിന്റെ വെടിയേറ്റ് മരിച്ചത്.
സംഭവത്തിൽ ഇവരുടെ ഭർത്താവ് കിർക്ക് ബി വ്രസെന്നിനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ജോർജിയയിലെ കോബ് കൗണ്ടിയിലുള്ള വസതിയിലായിരുന്നു സംഭവം നടന്നത്.
ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ പിതാവിനെ തടയാൻ ശ്രമിച്ച 23 കാരനായ മകൻ ജേസൺ വ്രസെന്നിന് നേരെ കിർക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജേസൺ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയും അയൽക്കാരുടെ സഹായത്തോടെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ശീതൾ വ്രസെൻ മരണപ്പെട്ടിരുന്നു. കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് കിർക്ക് ബി വ്രസെന്നിനെതിരെ ചുമത്തിയിരിക്കുന്നത്.
കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മകൻ ജേസൺ നിലവിൽ ചികിത്സയിലാണ്.
സാങ്കേതികവിദ്യാ രംഗത്ത് 20 വർഷത്തിലേറെ നീളുന്ന പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയായിരുന്നു ശീതൾ. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ഇവർ, ഗൂഗിളിന് പുറമെ ഹോം ഡിപ്പോ പോലുള്ള വൻകിട
കമ്പനികളിലും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ‘ഗോടു ഫുഡ്സ്’ കമ്പനിയിൽ സീനിയർ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഈ ദാരുണ അന്ത്യം.
സയൻസ്, ടെക്നോളജി മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ മുൻകൈ എടുത്തിരുന്ന വ്യക്തിത്വമായിരുന്നു ശീതൾ വ്രസെൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

