സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് രോഗം ബാധിച്ച് മരണപ്പെട്ടത്.
വയറിളക്കത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ തിങ്കളാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.
മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗകാരണം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്. ഈ റിപ്പോർട്ട് ആരോഗ്യവകുപ്പ് അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടു.
നിലവിൽ മലപ്പുറം ജില്ലയിൽ രണ്ട് പേർ ഷിഗെല്ല ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. തേഞ്ഞിപ്പാലം, എടവണ്ണ സ്വദേശികളാണ് നിലവിൽ നിരീക്ഷണത്തിലും ചികിത്സയിലും തുടരുന്നത്.

