മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. തായ്ലൻഡിലെ ബാങ്കോക്കിൽനിന്ന് എത്തിയ മുൻ മിസിസ് കേരള മത്സരാർത്ഥി ഹർഷ സണ്ണിയെ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
28 കാരിയായ യുവതിയിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 10-ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ സണ്ണി മുംബൈയിൽ എത്തിയത്.
യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട എയർ ഇൻ്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ തടഞ്ഞു പരിശോധിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, കൈവശമുണ്ടായിരുന്ന ട്രോളി ബാഗിനുള്ളിൽ 12 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ചുതന്നെ നടത്തിയ പ്രാഥമിക രാസപരിശോധനയിൽ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിത മയക്കുമരുന്ന് കടത്തിയ കുറ്റത്തിനാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ, താൻ കൊണ്ടുവന്ന ബാഗ് അപരിചിതനായ മറ്റൊരു യാത്രക്കാരൻ നൽകിയതാണെന്നും പിന്നീട് ഇയാളെ കാണാതായെന്നുമാണ് ഹർഷ സണ്ണി മൊഴി നൽകിയത്.
എന്നാൽ, ഈ വാദം ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തിട്ടില്ല. അറസ്റ്റിലായ ഹർഷ സണ്ണിയെ ഫോർട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മയക്കുമരുന്ന് എവിടേക്കാണ് കൊണ്ടുപോകാൻ ലക്ഷ്യമിട്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 2025ലെ മിസിസ് കേരള മത്സരാർത്ഥിയായിരുന്നു പിടിയിലായ ഹർഷ സണ്ണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

