മലയാള സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു.
1994-ൽ പുറത്തിറങ്ങിയ ഈ ക്ലാസിക് ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8-നാണ് പ്രേക്ഷകരിലേക്ക് തിരിച്ചെത്തിയത്. ചിത്രത്തിലെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ ‘എന്റെ മനസിലorു നാണം’ എന്ന ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ഗാനത്തിന്റെ പ്രത്യേകതകൾ
പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടാണ് സംഗീതം പകർന്നിരിക്കുന്നത്. പ്രമുഖ ഗായകരായ എം.ജി.
ശ്രീകുമാറും സുജാത മോഹനും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. പുതിയ റീമാസ്റ്റേർഡ് പതിപ്പിലൂടെ ഗാനത്തിന്റെ ദൃശ്യ-ശ്രാവ്യ അനുഭവം പ്രേക്ഷകർക്ക് തികച്ചും പുതിയൊരു അനുഭവമായി മാറിയിരിക്കുകയാണ്.
4K ദൃശ്യവിസ്മയവും പുതിയ സാങ്കേതികവിദ്യയും
ചിത്രത്തിന്റെ റീജുവിനേഷനായി ഒറിജിനൽ 35എംഎം നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്. ഓരോ ഫ്രെയിമും അത്യാധുനിക ദൃശ്യ മികവിലാണ് പുതിയ രൂപത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത്.
കൂടാതെ, അന്തരിച്ച പ്രശസ്ത സിനിമാട്ടോഗ്രാഫർ കെ.വി. ആനന്ദിന്റെ ക്യാമറാക്കണ്ണിലൂടെയുള്ള ദൃശ്യചാരുത ബിഗ് സ്ക്രീനിൽ പൂർണ്ണ മികവോടെ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ചിത്രത്തിന്റെ ഒറിജിനൽ ഭാവവും ദൃശ്യസ്വഭാവവും ഒരു ച്യുതിയും വരാതെ നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിംഗ് ജോലികൾ പൂർത്തിയാക്കിയിട്ടുള്ളത്. മികച്ച ദൃശ്യാനുഭവത്തോടൊപ്പം ഡോൾബി അറ്റ്മോസ് (Dolby Atmos) ശബ്ദ സാങ്കേതികവിദ്യയും ഈ പുതിയ പതിപ്പിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും തിയേറ്ററുകളിൽ കൂടുതൽ ആഴത്തിലുള്ള അനുഭവം നൽകാൻ പുതിയ സൗണ്ട് മിക്സിംഗിലൂടെ സാധിച്ചിട്ടുണ്ട്. കലാകാരന്മാരും അണിയറപ്രവർത്തകരും
മെഗാസ്റ്റാർ മോഹൻലാൽ നായകനായ ചിത്രത്തിൽ ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി.
ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങി വൻതാരനിരയാണ് അണിനിരന്നിരിക്കുന്നത്. സംവിധായകൻ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ ആണ് ചിത്രം നിർമ്മിച്ചത്.
റിലീസ് കാലത്ത് നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണിത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഛായാഗ്രഹണത്തിന് കെ.വി.
ആനന്ദിനും മികച്ച പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിളിനും അംഗീകാരം ലഭിച്ചിരുന്നു. കൂടാതെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

