ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യം ഉറപ്പിക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ, ഇംഗ്ലണ്ടിലെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പ്രകടനവുമായി സ്പിന്നർ കുൽദീപ് യാദവ്. യോർക്ക്ഷെയറിനായി കളത്തിലിറങ്ങിയ താരം, എസെക്സിനെതിരായ മത്സരത്തിൽ നിർണായകമായ 10 വിക്കറ്റുകൾ പിഴുതുകൊണ്ട് ടീമിന് മികച്ച വിജയം സമ്മാനിച്ചു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 70 റൺസ് വഴങ്ങി 4 വിക്കറ്റും, രണ്ടാം ഇന്നിങ്സിൽ 50 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റും വീഴ്ത്തിയാണ് കുൽദീപ് തിളങ്ങിയത്. ആകെ 120 റൺസ് മാത്രം വഴങ്ങിയാണ് താരം പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
പന്തേറിൽ മാത്രമല്ല, ബാറ്റിങ്ങിലും തന്റെ സാന്നിധ്യമറിയിക്കാൻ താരത്തിനായി. വിലപ്പെട്ട
36 റൺസാണ് താരം ടീമിനായി സംഭാവന ചെയ്തത്. ഇന്ത്യൻ പിച്ചുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ അനുഭവമാണ് ഇംഗ്ലണ്ടിൽ ബൗൾ ചെയ്യുന്നതെന്ന് മത്സരശേഷം കുൽദീപ് യാദവ് വ്യക്തമാക്കി.
“പിച്ചിന് സ്വാഭാവികമായിത്തന്നെ നല്ല വേഗതയുള്ളതിനാൽ കൂടുതൽ വേഗത്തിൽ എറിയാൻ ശ്രമിക്കാതെ പന്തിൽ പരമാവധി സ്പിൻ നൽകാനാണ് താൻ ശ്രമിച്ചത്. വേഗതയുള്ള പിച്ചുകളിൽ ബാറ്റ്സ്മാന്മാർ ഫ്രണ്ട് ഫൂട്ടിലേക്ക് കളിക്കാൻ നിർബന്ധിതരാകുമെന്നും ഇത് സ്ലിപ്പിലോ ഷോർട്ട് ലെഗ്ഗിലോ ക്യാച്ച് അവസരങ്ങൾ വർധിപ്പിക്കുമെന്നും കുൽദീപ് കൂട്ടിച്ചേർത്തു.” 2017-ൽ രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, ഇതുവരെ ഇന്ത്യയ്ക്കായി 19 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്.
കരിയറിന്റെ തുടക്കത്തിൽ ആർ. അശ്വിൻ – രവീന്ദ്ര ജഡേജ സഖ്യത്തിന്റെ സാന്നിധ്യമാണ് തിരിച്ചടിയായതെങ്കിൽ, നിലവിൽ വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, മാനവ് സുതാർ തുടങ്ങിയ ഓൾറൗണ്ട് മികവുള്ള സ്പിന്നർമാർക്കാണ് ടീം മാനേജ്മെന്റ് മുൻഗണന നൽകുന്നത്.
എന്നിരുന്നാലും, കൗണ്ടി ക്രിക്കറ്റിലെ ഈ പ്രകടനം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും സെലക്ടർമാരുടെയും ശ്രദ്ധയാകർഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

