അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ കേസിൽ പതിമൂന്നു വർഷത്തിനുശേഷം നിർണായക കോടതിവിധി. അടൂർ മണക്കാല സ്വദേശിനിയെ കബളിപ്പിച്ച കേസിലെ നാലു പ്രതികളും കുറ്റക്കാരാണെന്ന് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തി.
കേസിൽ മൂന്നാം പ്രതിക്ക് മുപ്പത്തിയേഴ് വർഷം തടവും മൂന്നുലക്ഷത്തി മൂവായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിദേശത്ത് നല്ലൊരു ജോലിയും മെച്ചപ്പെട്ട
ജീവിതവും വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ സമീപിച്ചത്. എമിഗ്രേഷൻ അംഗീകാരമില്ലാതെയായിരുന്നു സംഘം യുവതിക്ക് തൊഴിൽ വാഗ്ദാനം നൽകി കുവൈറ്റിലെത്തിച്ചത്.
ജോലിക്കായി വിസ അടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്ന് വലിയ തുകയും സംഘം ഈടാക്കിയിരുന്നു. എന്നാൽ കുവൈറ്റിൽ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളായിരുന്നു.
ഒരു മുറിയിൽ പൂട്ടിയിട്ടായിരുന്നു പ്രതികൾ ഇവരെ ഉപദ്രവിച്ചിരുന്നത്. തുടർന്ന് ഒരുവിധത്തിൽ കുവൈറ്റിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയെങ്കിലും യുവതിക്ക് നേരെ ഭീഷണിയും ഉപദ്രവവും തുടർന്നു.
ഇതിനെത്തുടർന്നാണ് യുവതി പോലീസിനെ സമീപിച്ച് നിയമനടപടി തേടിയത്. ജോലി വാഗ്ദാനം ചെയ്ത് ഇടനില നിന്ന കൂരമ്പാല സ്വദേശി ജോളി സ്റ്റാൻലി, കവിയൂർ സ്വദേശി മുരളീധരൻ നായർ, ആലുവ ചൂണ്ടി സ്വദേശി നവാസ് എന്ന ബിജുമോൻ, കവിയൂർ സ്വദേശി സതീശ് കുമാർ എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും എമിഗ്രേഷൻ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

