ശരീരഭാരം കുറയ്ക്കാന്‍ കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങള്‍ അഥവാ എയ്റോബിക് വ്യായാമങ്ങള്‍ ഏറെ ഗുണകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ദൈനംദിന ഊര്‍ജ ഉപയോഗം വര്‍ധിപ്പിച്ച്, കഴിക്കുന്ന കലോറിയേക്കാള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി കലോറി ഡെഫിസിറ്റ് സൃഷ്ടിച്ചാണ് കാര്‍ഡിയോ കൊഴുപ്പ് കുറയ്ക്കുന്നത്.
എങ്കിലും, കൃത്യമായി വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയാത്ത അവസ്ഥ പലരിലും കണ്ടുവരുന്നുണ്ട്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
വിശപ്പ് വര്‍ധിക്കുന്നത്
നീണ്ട സമയം കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നത് വിശപ്പ് കൂട്ടാന്‍ ഇടയാക്കും.
ഇത് അറിയാതെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ കഴിക്കുന്ന ഭക്ഷണവും അതിലെ കലോറിയും കൃത്യമായി ട്രാക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിന്റെ പൊരുത്തപ്പെടല്‍ (അഡാപ്റ്റേഷന്)
ഒരേ തീവ്രതയിലുള്ള വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യുമ്പോള്‍ ശരീരം അതിനോട് പൊരുത്തപ്പെടുന്നു. തുടക്കത്തില്‍ ഉപയോഗിച്ച അത്രയും ഊര്‍ജം പിന്നീട് ശരീരം വ്യായാമ വേളയില്‍ ഉപയോഗിച്ചെന്ന് വരില്ല.
അതിനാല്‍ കലോറി എരിയുന്ന അളവില്‍ കുറവുണ്ടാകാം. ഇതിനായി വ്യായാമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും.
കൊഴുപ്പിന് പകരം മസില് നഷ്ടപ്പെടുന്നത്
അമിതമായ അളവിലുള്ള കാര്‍ഡിയോ വ്യായാമങ്ങള്‍ പേശികള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കാം. അതിനാല്‍ മണിക്കൂറുകളോളം നീളുന്ന കാര്‍ഡിയോ ശീലങ്ങള്‍ ഒഴിവാക്കുക.
സ്ട്രെങ്ത് ട്രെയിനിങ് ഒഴിവാക്കുന്നത്
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കാര്‍ഡിയോയെ മാത്രം ആശ്രയിക്കരുത്. കാര്‍ഡിയോ ചെയ്യുന്ന സമയത്ത് മാത്രമാണ് കലോറി എരിയുന്നത്.
എന്നാല്‍ പേശീബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ വിശ്രമവേളകളില്‍ പോലും കലോറി കത്തിച്ചുകളയാന്‍ സഹായിക്കും. കൂടാതെ, മസിലുകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും ഇത് ഉപകരിക്കും.
മാനസിക സംഘര്‍ഷവും ഉറക്കക്കുറവും
ഉറക്കമില്ലായ്മയോ കടുത്ത മാനസിക സംഘര്‍ഷമോ അനുഭവിക്കുന്നവരില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിക്കുന്നു. ഇത് അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.
പ്രോട്ടീന്റെ ലഭ്യത കുറവ്
ഭക്ഷണക്രമത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് പേശികള്‍ നഷ്ടപ്പെടാതെ കാക്കാനും വിശപ്പ് നിയന്ത്രിക്കാനും ജങ്ക് ഫുഡ് കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

