പത്തനംതിട്ട ജില്ലയിലെ അടൂർ നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ആരോഗ്യവകുപ്പ് ചട്ടലംഘനങ്ങൾ കണ്ടെത്തി. വ്യാപകമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങളും മീനും അടൂർ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു.
അടൂർ ബൈപ്പാസിലെ ഹോട്ടൽ രാജധാനി, എസ് എൻ ഹോട്ടൽ, സൺറൈസ് ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞികട, അൽ-റാസി, ഹോളിക്രോസ് ഹോസ്പിറ്റൽ കാന്റീൻ, ഡിങ്കന്റെ തട്ടുകട തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്. വിൽപനയ്ക്കായി വെച്ചിരുന്ന പഴകിയ എണ്ണയും ഏകദേശം 50 കിലോഗ്രാം പഴകിയ മീനും മറ്റ് ഭക്ഷണസാധനങ്ങളുമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നായി പിടിച്ചെടുത്തത്.
അതേസമയം, പരിശോധനയ്ക്കായി എത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചില സ്ഥാപനങ്ങളുടെ ഉടമകൾ തടയാൻ ശ്രമിച്ചതായി ഔദ്യോഗിക പരാതിയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പഴകിയ വസ്തുക്കൾ പിടിച്ചെടുത്ത ഹോട്ടലുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ നേതൃത്വം നൽകിയ നഗരസഭ ഹെൽത്ത് സ്ക്വാഡാണ് റെയ്ഡ് പൂർത്തിയാക്കിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവരും പരിശോധനാ സംഘത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

