കൊച്ചി: വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
സംഭവത്തിൽ ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണത്തിന്റെ പരിധി വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
നിയമവിരുദ്ധമായി നടത്തിയ ശസ്ത്രക്രിയകളിൽ പങ്കാളികളായ ഡോക്ടർമാർക്ക് ഇതിന്റെ പ്രതിഫലമായി വൻതുക കമ്മീഷനായി ലഭിച്ചിട്ടുണ്ടോയെന്നാണ് ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. ഡോക്ടർമാരുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ ആശുപത്രിയുടെ എംഡി എസ്കെ അബ്ദുല്ലയെ കഴിഞ്ഞ ദിവസം അധികൃതർ ചോദ്യം ചെയ്തിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജരേഖാ കേസുമായുള്ള ബന്ധം കണക്കിലെടുത്ത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി അന്വേഷണം നടക്കുന്നത്.
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന സംഘങ്ങൾ അവയവക്കച്ചവടത്തിന് നേതൃത്വം നൽകിയെന്നാണ് കണ്ടെത്തൽ. സാമ്പത്തിക പ്രയാസമുള്ളവരെ കണ്ടെത്തി അവരിൽ നിന്നും കുറഞ്ഞ തുകയ്ക്ക് അവയവങ്ങൾ ശേഖരിക്കുകയും, അത് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് വലിയ തുകയ്ക്ക് മറിച്ചുവിൽക്കുകയുമായിരുന്നു ഇവരുടെ രീതി.
ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുഖ്യകണ്ണി നജീബ്, ഓരോ ശസ്ത്രക്രിയയിലും ആശുപത്രികളിൽ നിന്ന് വൻതുക കമ്മീഷനായി കൈപ്പറ്റിയതായി ഇഡിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇഡി വിശദമായി പരിശോധിക്കുന്നുണ്ട്.
നേരത്തെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക് ഷോർ ഉൾപ്പെടെ ആറ് ആശുപത്രികളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

