വിലങ്ങാട് മേഖലയിൽ രണ്ട് വർഷം മുൻപ് ഉണ്ടായ ഉരുൾപൊട്ടൽ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഈ പ്രദേശം ഇന്നും പൂർണ്ണമായി കരകയറിയിട്ടില്ല. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ സാഹചര്യത്തിൽ, മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
എൽഡിഎഫ് ഭരണകാലയളവിൽ അഞ്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയടക്കമുള്ളവർ ദുരന്തബാധിത പ്രദേശം സന്ദർശിച്ചിരുന്നെങ്കിലും, വലിയ സാമ്പത്തിക നഷ്ടം നേരിട്ട വിലങ്ങാടിനായി കാര്യക്ഷമമായ ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതിൽ വീഴ്ച സംഭവിച്ചു.
കെ.എ.മാത്യു (റിട്ട. ഹെഡ്മാസ്റ്റർ) എന്നവരുടെ കുടുംബത്തിനുള്ള ധനസഹായവും, ഭവനം നഷ്ടപ്പെട്ടവർക്കുള്ള സഹായവും മാത്രമാണ് ഇതിനകം ലഭ്യമായത്.
എന്നാൽ, അടിസ്ഥാന സൗകര്യ വികസനത്തിലോ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലോ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ദുരന്തത്തിൽ തകർന്ന ഉരുട്ടി പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം എന്നിവയുടെ പുനർനിർമ്മാണം ഇഴയുകയാണ്.
വാണിമേൽ പഞ്ചായത്ത് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പോലും ഇതുവരെ പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ടൗൺ പാലത്തിന്റെ കാര്യത്തിൽ പുതിയ ഡിസൈനും എസ്റ്റിമേറ്റും തയ്യാറായെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
വായാട്, മഞ്ഞച്ചീളി പാലങ്ങൾ താൽക്കാലികമായാണ് അറ്റകുറ്റപ്പണി നടത്തിയത്. മലയോര ഹൈവേ കടന്നുപോകുന്ന വിലങ്ങാട് അങ്ങാടി ഉൾപ്പെടെയുള്ള മേഖലകളിൽ ശാസ്ത്രീയമായ വികസന പദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര പാക്കേജ് അടിയന്തരമായി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

