സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ മേധാവി ജെൻസൻ ഹുവാങ്, ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന ബിസിനസ് എക്സിക്യൂട്ടിവുമായി പ്രണയബന്ധം പുലർത്തിയിരുന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കലിഫോർണിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് അദ്ദേഹത്തിനെതിരെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിംഗപ്പുർ ആസ്ഥാനമായുള്ള ഡേറ്റാ സെന്റർ സ്ഥാപനമായ മെഗാസ്പീഡിന്റെ ഉന്നത ഉദ്യോഗസ്ഥയും ചൈനീസ് പൗരയുമായ ആലിസ് ഹുവാങ് എന്ന വനിതയുമായാണ് ജെൻസൻ ഹുവാങ് അടുപ്പത്തിലായിരുന്നത്.
ഇവർ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ജെൻസൻ ഹുവാങ്ങുമായി ബന്ധം സ്ഥാപിച്ച് എൻവിഡിയയുടെ അത്യാധുനിക ചിപ്പുകളും നിർണായക വിവരങ്ങളും ചൈനയിലേക്ക് ചോർത്തി നൽകിയതായി ഒക്ടോബർ 29-ന് പ്രമുഖ മാധ്യമമായ ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വിവാദങ്ങൾ ശക്തമാകുന്നതിനിടയിലാണ് ജീവനക്കാർക്കും കുടുംബത്തിനും അയച്ച സന്ദേശത്തിലൂടെ ഹുവാങ് മാപ്പഭ്യർത്ഥിച്ചത്. ജീവനക്കാർക്ക് അയച്ച സന്ദേശത്തിന്റെ പൂർണരൂപം ഇങ്ങനെ: ‘‘എന്റെ കുടുംബത്തോടും നിങ്ങൾ ഓരോരുത്തരോടും ഞാൻ ക്ഷമ ചോദിക്കുന്നു.
എനിക്കു ഭാര്യയോടു വിശ്വസ്തത പുലർത്താനായില്ല. എന്റെ പ്രവർത്തികൾ അവരെയും ഞങ്ങളുടെ മക്കളെയും വല്ലാതെ വേദനിപ്പിച്ചു.
ഞാൻ ചെയ്തതിനു യാതൊരു ന്യായീകരണവുമില്ല. ഞാൻ ഇതിൽ അങ്ങേയറ്റം ഖേദിക്കുന്നു.
ജീവിതത്തിലുടനീളം എന്റെ കുടുംബം എനിക്ക് സ്നേഹവും പിന്തുണയും നൽകിയിട്ടുണ്ട്. അവർ അർഹിക്കുന്നത് എന്റെ സത്യസന്ധതയും കൂറുമാണ്.
എന്നാൽ ഞാൻ അവരെ നിരാശപ്പെടുത്തുകയും ഞങ്ങൾ ഒരുമിച്ചു പടുത്തുയർത്തിയ ജീവിതത്തിനു ക്ഷതമേൽപ്പിക്കുകയും ചെയ്തു. ഞാൻ ചെയ്ത തെറ്റുകളുടെയും ഉണ്ടാക്കിയ മുറിവുകളുടെയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
അതോടൊപ്പം വരുന്ന വിമർശനങ്ങളെയും ഞാൻ പൂർണമായി ഉൾക്കൊള്ളുന്നു. എന്റെ ഭാര്യയോടും കുടുംബത്തോടുമാണ് – ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
വെറുമൊരു മാപ്പപേക്ഷ കൊണ്ടു ഞാൻ വരുത്തിവച്ച തെറ്റുകൾ ഇല്ലാതാക്കാനാവില്ലെന്ന് എനിക്കറിയാം. കാലക്രമേണ ഞങ്ങളുടെ കുടുംബം ഈ മുറിവുകളിൽനിന്നു കരകയറുമെന്നും നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ എനിക്കു സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
പതിറ്റാണ്ടുകളായി ഒപ്പം പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള എൻവിഡിയയിലെ എന്റെ സഹപ്രവർത്തകരോടും ബോർഡ് അംഗങ്ങളോടും പങ്കാളികളോടും ലോകമെമ്പാടുമുള്ള ഓഹരി ഉടമകളോടും – ഇതിനേക്കാൾ മികച്ച സമീപനമാണ് നിങ്ങൾ എന്നിൽനിന്ന് അർഹിക്കുന്നത്. എൻവിഡിയയെ നയിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
നിങ്ങളെ സേവിക്കുകയും നിങ്ങളുടെ വിശ്വാസത്തിനു പാത്രമാവുകയും ചെയ്യുക എന്നതാണ് എന്റെ ഉത്തരവാദിത്തം. എന്നാൽ ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഞാൻ പരാജയപ്പെട്ടു.
ഞാൻ പൂർണമായും എൻവിഡിയയ്ക്കായി സമർപ്പിതനായിരിക്കും, നിങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ ഞാൻ കഠിനമായി പരിശ്രമിക്കും. വാർത്തകളിൽ ഉയർന്നുവന്ന ദേശീയ സുരക്ഷാ ആശങ്കകളെ തുടർന്ന് എൻവിഡിയയുടെ ഡയറക്ടർ ബോർഡ് ഒരു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഞാൻ ഈ അന്വേഷണത്തെ സ്വാഗതം ചെയ്യുകയും പൂർണമായി സഹകരിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്തെയും കമ്പനിയെയും ഞാൻ സ്നേഹിക്കുന്നു.
എൻവിഡിയയെ സംരക്ഷിക്കുന്നതിനും അമേരിക്കയുടെ ദേശീയ സുരക്ഷയെ പിന്തുണയ്ക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധനാണ്. ഒരു അമേരിക്കക്കാരനായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.
എന്റെ തീരുമാനങ്ങൾക്ക് എന്റെ കുടുംബത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കു മാത്രമാണ്.
ദയവായി അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’’– എന്നാണ് ജെൻസൻ ഹുവാങ് വ്യക്തമാക്കിയത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള സ്ത്രീയുമായുള്ള ബന്ധം ഹുവാങ് തുറന്നുപറഞ്ഞതിന് പിന്നാലെ, ഞായറാഴ്ചയാണ് കമ്പനി ഡയറക്ടർ ബോർഡ് സ്വതന്ത്ര അന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതേസമയം, സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇത് കമ്പനിയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

