കാരാപ്പുഴ ഡാം പരിസരത്തെ മത്സ്യബന്ധന മേഖലയിൽ ഇപ്പോൾ വൻ തിരക്ക്. മൺസൂൺ മഴ ശക്തിപ്പെട്ടതോടെ ഡാമിലെ മത്സ്യലഭ്യത വർധിച്ചതാണ് വിപണി സജീവമാക്കാൻ കാരണമായത്.
വരാൽ, തിലോപ്പിയ മുതൽ രോഹുവും കട്ലയും വരെയുള്ള വിവിധയിനം മത്സ്യങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. നെല്ലാറച്ചാലിലെ സഹകരണ സംഘത്തിന്റെ വിൽപന കേന്ദ്രത്തിൽ ദിവസവും രാവിലെ തന്നെ വലിയ ജനക്കൂട്ടമാണ് മീൻ വാങ്ങാനെത്തുന്നത്.
ഒരു കിലോ മുതൽ 27 കിലോ വരെ ഭാരമുള്ള മത്സ്യങ്ങൾ വരെ ഡാമിൽ നിന്ന് ലഭിക്കുന്നുണ്ട്. സംഘത്തിന്റെ നേതൃത്വത്തിൽ മുപ്പതിലേറെ പേരാണ് നിലവിൽ ഡാമിൽ സ്ഥിരമായി മത്സ്യബന്ധനത്തിലേർപ്പെടുന്നത്.
കഴിഞ്ഞ ദിവസം മാത്രം നൂറു കിലോയിലേറെ മീനാണ് ഇവിടെ വിൽപന നടത്തിയത്. തിലോപ്പിയയ്ക്ക് പുറമെ ചെമ്പല്ലി, കാരി, ആരൽ, കട്ല, രോഹു, മൃഗാൽ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്.
വിനോദ സഞ്ചാരികളും അയൽ ജില്ലകളിൽ നിന്നുള്ളവരും രാവിലെ പത്ത് മണിയോടെ വിറ്റുതീരുന്ന ഈ മീനുകൾ തേടിയെത്താറുണ്ട്. തലേദിവസം വൈകുന്നേരം കൊട്ടത്തോണികളിൽ ഡാമിലെ വിവിധ ഭാഗങ്ങളിൽ വലയിടുകയും, പിറ്റേദിവസം രാവിലെ ഏഴരയോടെ മീനുകൾ ശേഖരിച്ച് വിൽപന കേന്ദ്രത്തിലെത്തിക്കുകയുമാണ് ചെയ്യുന്നത്.
ഈ സംവിധാനം മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരമായ വരുമാനമാർഗമായി മാറിയിട്ടുണ്ട്. ഡാമിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ഈ വർഷം അഞ്ചു ലക്ഷത്തിലേറെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
മഴ ശക്തമാകുന്നതോടെ വരും ദിവസങ്ങളിലും കൂടുതൽ മത്സ്യലഭ്യത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. കാരാപ്പുഴ ഡാമിൽ നിന്നുള്ള മത്സ്യങ്ങളുടെ വില (കിലോയ്ക്ക്):
തിലോപ്പിയ – 150 രൂപ
വരാൽ – 150 രൂപ
കാരി – 200 രൂപ
ചെമ്പല്ലി – 200 രൂപ
ആരൽ – 250 രൂപ
കട്ല – 200 രൂപ
രോഹു – 200 രൂപ
മൃഗാൽ – 200 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

