സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾക്ക് പിന്നിൽ അദാനി ഗ്രൂപ്പിന്റെ ഇടപെടലുകൾ ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു.
ഭരണകൂടം ആർഎസ്എസിന് വഴങ്ങി പൊതുമുതൽ അദാനിക്ക് തീറെഴുതാനുള്ള നീക്കങ്ങൾ നടത്തുന്നതായും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർണായക ഘട്ടങ്ങളിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുത്തിരുന്ന ഡോ.
ദിവ്യ എസ്. അയ്യരെ സ്ഥാനത്തുനിന്ന് മാറ്റിയത് അദാനി ഗ്രൂപ്പിന്റെ താല്പര്യപ്രകാരമാണെന്ന് രാഗേഷ് ചൂണ്ടിക്കാട്ടി.
പുതിയ ഭരണകൂടം അധികാരത്തിൽ എത്തിയ ഉടൻ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഈ ഉദ്യോഗസ്ഥമാറ്റം നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് പലതവണ ദിവ്യ എസ്.
അയ്യരെ തൽസ്ഥാനത്തുനിന്ന് നീക്കാൻ അദാനി ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും അന്നത്തെ സർക്കാരിന്റെ കടുത്ത നിലപാട് കാരണം അത് വിജയിച്ചിരുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി.
സതീശന്റെ പങ്ക് വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിലേക്ക് യാത്ര നടത്തിയതിന്റെ ലക്ഷ്യമെന്തെന്നും, അതിനായുള്ള വൻ തുക വഹിച്ചത് ആരാണെന്നും വ്യക്തമാക്കണം.
വകുപ്പ് ഏറ്റെടുത്തപ്പോൾ ധനകാര്യത്തോടൊപ്പം തുറമുഖ വകുപ്പും മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പുറമെ, സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തുറമുഖ വകുപ്പിന്റെ ചുമതല കൂടി ഏൽപ്പിക്കാൻ മണിക്കൂറുകൾക്കകം തീരുമാനമെടുത്തതും സംശയാസ്പദമാണ്.
ജൂൺ 29-ന് വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി കൈമാറിക്കൊണ്ടുള്ള കരാറിൽ അദാനി അധികൃതർ ഒപ്പിട്ടതും, തുടർന്ന് സെബിയുടെ അംഗീകാരത്തിനായി തിരക്കിട്ട നീക്കങ്ങൾ നടത്തിയതും സർക്കാരിന്റെ അറിവോടെയാണോ എന്ന് വി.ഡി.
സതീശൻ മറുപടി പറയണം. സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച എംപവേർഡ് കമ്മിറ്റിയുടെ മറവിൽ അദാനിക്ക് സഹായകരമായ നീക്കങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഈ ഓഹരി വിൽപനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

