സഹോദരി പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ രണ്ട് സഹോദരങ്ങൾക്കും സുഹൃത്തിനും 7 വർഷം തടവും പിഴയും വിധിച്ചു. കാസർകോട് ഒളവറ പുത്തൻ പുരയിൽ ഫസലുൽ റഹ്മാനെ (37) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി ഉണ്ടായത്.
ഫസലുൽ റഹ്മാന്റെ ഭാര്യ പന്നിയൂർ സ്വദേശി ഷാഹിനയുടെ സഹോദരങ്ങളായ പന്നിയൂർ പള്ളിവയലിലെ ബത്താലി ബി.മുബാറക് (37), അബ്ദുല്ല (അബൂട്ടി–44), ഇവരുടെ സുഹൃത്ത് പി.ഇബ്രാഹിം (ഉമ്പായി – 44) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ഡിസ്ട്രിക്ട് ജഡ്ജി കെ.എൻ.പ്രശാന്ത് ശിക്ഷിച്ചത്. വിവാഹശേഷം ഫസലുൽ റഹ്മാനും ഷാഹിനയും പയ്യന്നൂരിലായിരുന്നു താമസം.
2019 ജനുവരി 20ന് കണ്ണൂരിൽ പോയി സ്കൂട്ടറിൽ തിരിച്ചുവരുംവഴി പ്രാർഥനയ്ക്കായി പുഷ്പഗിരി ഒമാൻ മസ്ജിദിൽ ഭാര്യയെ ഇറക്കി മുന്നോട്ടുപോയ പരാതിക്കാരനെ പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ ബലമായി പിടിച്ചുകയറ്റി പന്നിയൂർ വില്ലേജ് ഓഫിസ് സമീപത്തെ റബർ തോട്ടത്തിൽ എത്തിച്ചും ക്രൂരമായി മർദിച്ചു.
ഈ ആക്രമണത്തിൽ ഫസലുൽ റഹ്മാന്റെ കാൽമുട്ടിന്റെ എല്ല് തകർന്നിരുന്നു. പല വകുപ്പുകളിലായി സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിന് 9 വർഷവും തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.
സഹോദരങ്ങളായ ആദ്യ രണ്ട് പ്രതികൾ 2.20 ലക്ഷം രൂപ വീതവും മൂന്നാം പ്രതി 1.20 ലക്ഷം രൂപയും പിഴയായി ഒടുക്കണം. ഈ പിഴത്തുകയിൽ നിന്നും 5 ലക്ഷം രൂപ ആക്രമണത്തിനിരയായ ഫസലുൽ റഹ്മാന് നൽകാനും കോടതി ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

