ഡൽഹിയിലെ ഭജൻപുരയിൽ പേയിംഗ് ഗസ്റ്റ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നുവീർന്ന ദുരന്തത്തിൽ നിർണായക വഴിത്തിരിവ്. അപകടത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കെട്ടിടത്തിന്റെ പ്രധാന താങ്ങുഭിത്തികളിൽ ഒന്ന് പൊളിച്ചുനീക്കിയതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന സംശയം ഇതിലൂടെ ശക്തമായിരിക്കുകയാണ്. നടന്ന നിർമാണ ജോലികളുടെ ഭാഗമായി താഴത്തെ നിലയിലെ ഭിത്തി പൂർണ്ണമായി നീക്കം ചെയ്യുകയും, തുടർന്ന് ഇവിടെനിന്നുള്ള അവശിഷ്ടങ്ങൾ മൂന്ന് ട്രക്കുകളിലായി സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇത്തരം അശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട
ഉടമ ഏർപ്പെടുത്തിയ ലേബർ കോൺട്രാക്ടറെ പോലീസ് ചോദ്യം ചെയ്തു. കെട്ടിടത്തിൽ നവീകരണ ജോലികൾക്കായി ഉടമ തന്നെ ചുമതല ഏൽപ്പിച്ചിരുന്നതായി ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അന്വേഷണത്തിൽ ഏറെ നിർണായകമാകുന്നതാണ് ഈ മൊഴി. അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പണികൾ ആരംഭിച്ചതെന്നും, താഴത്തെ നിലയിലെ ഭിത്തി പൊളിച്ചുമാറ്റുന്ന ജോലിയാണ് പ്രധാനമായും ചെയ്തതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഒരു ചെറിയ നവീകരണത്തിന്റെ പേരിൽ നടത്തിയ അവധാനതയില്ലാത്ത നിർമാണമാണ് ഒടുവിൽ വലിയ ദുരന്തത്തിൽ കലാശിച്ചതെന്നാണ് നിലവിലെ വിലയിരുത്തൽ. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കെട്ടിട
ഉടമയ്ക്കെതിരെയുള്ള നിയമനടപടികൾ കർശനമാക്കാനാണ് സാധ്യത. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ എൻജിനീയറിങ് വൈദഗ്ധ്യമോ പാലിക്കാതെയാണോ ഈ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് സ്ഥിരീകരിക്കാൻ വിശദമായ ശാസ്ത്രീയ പരിശോധനകളും അധികൃതർ നടത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

