തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട് ഈ മാസം 13 മുതൽ ചേരുന്ന മൂന്നു ദിവസത്തെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിലെ വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതം ആകാതിരിക്കാൻ ഉള്ള കരുതലിൽ സംസ്ഥാന നേതൃത്വം. 13 മുതൽ 14 വരെ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ 307 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
യോഗത്തിൽ അവതരിപ്പിക്കുന്ന രേഖയിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ സ്വയം വിമർശനം ഉൾക്കൊള്ളുന്ന ചില കാരണങ്ങൾ കൂടി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സമിതി യോഗം ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുളള പിബി അംഗങ്ങളായ എം.എ.ബേബി, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവർക്കു പുറമേ കെ.ബാലകൃഷ്ണൻ, ബി.വി.രാഘവുലു, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, യു.വാസുകി എന്നീ അഞ്ച് പിബി അംഗങ്ങൾ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ നിരീക്ഷകരായി പങ്കെടുക്കും.
കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരാകും വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുക. ഇ.ഡി കത്ത് ചർച്ച ആകുമോ? മകൾ ടി.വീണയുമായി ബന്ധപ്പെട്ട
സിഎംആർഎൽ – എക്സാലോജിക് ഇടപാട് കേസിൽ പിണറായി വിജയൻഎതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന ഡിജിപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കത്തു നൽകിയ പശ്ചാത്തലത്തിൽ വിശാല സംസ്ഥാന കമ്മിറ്റിയിൽ അക്കാര്യത്തിലും ചർച്ച ഉണ്ടാകുമോ എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിഷയമാണ്. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ സംഘാടക സമിതി അധ്യക്ഷൻ കൂടിയായ പി.എ.മുഹമ്മദ് റിയാസ് അടക്കം ഉളളവരുടെ പേരും ഇ.ഡിയുടെ കത്തിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി എന്ന പ്രധാന വിഷയത്തിൽ ഊന്നിയുള്ള യോഗം എന്ന മറപിടിച്ച് വ്യക്തി കേന്ദ്രീകൃതമായും രാഷ്ട്രീയപരമായും കേന്ദ്ര അന്വേഷണ ഏജൻസികളിൽ ഒന്നായി ഇ.ഡി നടത്തുന്ന അന്വേഷണം എന്നു പാർട്ടി സംസ്ഥാന കേന്ദ്ര നേതൃത്വം ഇതിനകം മുദ്രകുത്തിയ ഈ വിഷയം വിശാല സംസ്ഥാന സമിതി യോഗത്തിൽ വലിയ തോതിൽ ചർച്ചകൾക്കു വിധേയമാക്കാൻ ഇടയില്ലെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. മാറ്റം വരുത്തേണ്ടത് പ്രവർത്തകർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് പാർട്ടിയുമായി പല കാരണങ്ങളാൽ അകന്നുപോയ ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ പ്രവർത്തകരും പോഷകസംഘടനകളും കൂടുതൽ ശ്രമിക്കണം എന്നാണ് വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യാൻ പൊതുവായി അംഗീകരിച്ച രേഖയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയുടെ നിർദേശമായി ഉൾപ്പെടുത്തിയത്.
ഇതിന്റെ ചുവടുപിടിച്ച് നേതൃതലത്തിലെ തിരുത്തലിന് ഉപരിയായി വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാക്കാതെ തിരഞ്ഞെടുപ്പിലെ പരാജയം ഒരു കൂട്ടുത്തരവാദിത്തം ആയി ഏറ്റെടുത്ത ശേഷം തിരുത്തൽ നടപടികൾ എന്ന സമവായത്തിലേക്കാണ് ചർച്ചകൾ നീളുകയെന്ന സൂചനയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് മുൻപ് കേന്ദ്ര കമ്മിറ്റി ഉയർത്തിയ വിമർശനാത്മക ഭാഗങ്ങൾ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ചയ്ക്ക് എടുക്കേണ്ട
റിപ്പോർട്ടിൽ പൂർണമായും ഉൾപ്പെടുത്താതെയാണ് ആ രേഖയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നൽകിയത്. പൊതുവിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും നിലവിലെ പാർട്ടി സംവിധാനത്തിന് വലിയ പോറൽ ഏൽക്കാതിരിക്കാനുള്ള കരുതൽ വിശാല സമിതി യോഗത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

