തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ എത്തി പതിനാലുകാറിയെ കടന്നുപിടിച്ച കേസിൽ കൊല്ലം കരിപ്ര സ്വദേശിയായ ഹെയിൽ രാജുവിന് (22) ഏഴുവർഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
പിഴത്തുക ഒടുക്കാത്ത പക്ഷം ഒരു വർഷവും ഒമ്പത് മാസവും കൂടി കൂടുതൽ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിലുണ്ട്. 2025 മെയ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവദിവസം ഉച്ചയോടെ തിരുവനന്തപുരം ചാവടിമുക്കിന് സമീപമുള്ള ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ട് അമ്മയോടൊപ്പം നടന്നു മടങ്ങുകയായിരുന്ന പെൺകുട്ടിയെ, ഇരുചക്ര വാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ ഷോൾഡറിൽ തട്ടിയ ശേഷം ഇയാൾ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.
പ്രതി ധരിച്ചിരുന്ന വസ്ത്രവും വാഹനവും പെൺകുട്ടി കൃത്യമായി ഓർമ്മിച്ചുവെച്ചിരുന്നു. തുടർന്ന് തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടിയും കുടുംബവും പ്രതിയെ തിരിച്ചറിഞ്ഞു.
ഈ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ പ്രതി അതേ വാഹനത്തിൽ വീണ്ടും അവിടെയെത്തുകയും ചെയ്തു. ഭയന്നുപോയ അമ്മയും മകളും ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.
ആർ.എസ് വിജയ് മോഹൻ, അഭിഭാഷകരായ ബിന്ദു വി.സി, അഡ്വ. സുരഭി പി. എന്നിവർ കോടതിയിൽ ഹാജരായി.
ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ. ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 2 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

