കർണാടകയിലെ ശിവഗംഗെ മലനിരകളിൽ തനിച്ചു ട്രക്കിങ്ങിന് പോയ സോഫ്റ്റ്വെയർ എൻജിനീയറെ കാണാതായ സംഭവത്തിൽ തെരച്ചിൽ പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അദ്വൈത് ഉപാധ്യായ (31) യെയാണ് കാണാതായത്.
വൈറ്റ്ഫീൽഡിലെ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ഇയാൾ കഡുഗോഡി മേഖലയിലാണ് താമസം. കഴിഞ്ഞ വെള്ളിയാഴ്ച വാടകയ്ക്കെടുത്ത ബൈക്കിലാണ് അദ്വൈത് ശിവഗംഗെയിലേക്ക് പുറപ്പെട്ടത്.
ട്രക്കിങ്ങിന് പോകുന്ന വിവരം യുവാവ് തന്റെ പ്രതിശ്രുത വധുവിനെ അറിയിച്ചിരുന്നു. അന്നേദിവസം രാവിലെ ഏഴരയോടെ ഇയാൾ മലകയറ്റം ആരംഭിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഉച്ചയോടെ തിരിച്ചിറങ്ങേണ്ടിയിരുന്നെങ്കിലും പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിശ്രുത വധു കഡുഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടർന്ന് നീലമംഗല, ദൊബ്ബാസ്പേട്ട് മേഖലകളിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മലയുടെ അടിവാരത്തുനിന്ന് യുവാവിന്റെ ബൈക്ക് കണ്ടെത്തിയതിനാൽ ഇയാൾ ഇതുവരെ മലയിറങ്ങി വന്നിട്ടില്ലെന്നാണ് അധികൃതരുടെ നിഗമനം.
കുനിഗൽ റോഡിലെ കുഡൂരുവിന് സമീപത്തുനിന്നാണ് ഇയാളുടെ ഫോണിൽ അവസാനമായി സിഗ്നൽ ലഭിച്ചത്. ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പൊലീസ് ഇയാളുടെ അവസാന ലൊക്കേഷൻ വിശദമായി പരിശോധിച്ചു വരുന്നുണ്ട്. ശിവഗംഗെയിലെ ഏറ്റവും ദുർഘടവും അപകടകരവുമായ ഭാഗങ്ങളിലൊന്നായ ശാന്തള ഡ്രോപ്പ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ പുരോഗമിക്കുന്നത്.
ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മനുഷ്യശരീരത്തിന് സമാനമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ഭാഗത്തേക്ക് നേരിട്ട് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ഇത് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
നൂറോളം പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം എൻഡിആർഎഫ്, എസ്ഡിആർഎഫ്, വനം വകുപ്പ് എന്നീ ഏജൻസികളും സംയുക്തമായാണ് തെരച്ചിലിൽ പങ്കാളികളാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അദ്വൈതിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത ലാപ്ടോപ്പ് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഇതിലെ ബ്രൗസിങ് ഹിസ്റ്ററിൽനിന്ന് ശിവഗംഗെ മലനിരകളെക്കുറിച്ചും ശാന്തള ഡ്രോപ്പിനെക്കുറിച്ചും ഇയാൾ വിവരങ്ങൾ തേടിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഐഐടിയിൽനിന്ന് സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്വൈത്, ഇൻഡോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയുടെ മകനാണ്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

