വയനാടിന്റെ അതിർത്തി പ്രദേശമായ ഗൂഡല്ലൂർ മേഖലയുടെ രൂപീകരണത്തിന് പിന്നിൽ ചരിത്രപരമായ നാല് പ്രധാന സംഭവങ്ങളുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. കാലങ്ങളായി അവിടെയുള്ള ചെട്ടിമാരും ആദിവാസികളുമാണ് ഈ പ്രദേശത്തെ ആദ്യ നിവാസികൾ.
ഇതിൽ ചെട്ടിമാർ ധർമപുരത്തുനിന്ന് എത്തിയെന്നാണ് കരുതപ്പെടുന്നത്. തുടർന്ന്, പ്രദേശത്ത് തോട്ടം വ്യവസായം വളർത്തുന്നതിനായി ബ്രിട്ടീഷുകാർ കൊണ്ടുവന്ന തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തു നിന്നുമുള്ള തൊഴിലാളികളാണ് മറ്റൊരു വിഭാഗം.
ഇതിനുപുറമെ, രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടർന്ന് അന്നത്തെ നെഹ്റു സർക്കാരിന്റെ ‘ഗ്രോ മോർ ഫൂഡ്സ്’ ആഹ്വാനത്തിന്റെ ഭാഗമായി ഭക്ഷ്യവിളകൾ ഉൽപാദിപ്പിക്കാനായി കേരളത്തിലെ മധ്യതിരുവിതാംകൂർ, തിരുവിതാംകൂർ, മലബാർ ഭാഗങ്ങളിൽ നിന്ന് മലകയറിവന്ന കുടിയേറ്റക്കാരും ഇവിടെ അധിവസിക്കുന്നുണ്ട്. കൂടാതെ, ശ്രീലങ്കയിലെ തമിഴ് വംശജരായ അഭയർഥികളെ തമിഴ്നാട് സർക്കാർ മാറ്റിപ്പാർപ്പിച്ചതുമായി ബന്ധപ്പെട്ട് എത്തിയ ജനങ്ങളും ഗൂഡല്ലൂരിലുണ്ട്.
എന്നാൽ, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വർഷങ്ങളായുള്ള രണ്ട് നിയമങ്ങൾ ഈ ജനതയുടെ ജീവിതസ്വപ്നങ്ങളെയാണ് പ്രതിസന്ധിയിലാക്കുന്നത്. അഴിയാക്കുരുക്കായി സെക്ഷൻ 17 1968ൽ കേരളത്തിൽ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജന്മിത്വ നിരോധന നിയമം നടപ്പിലാക്കി ജന്മിയുടെ ഭൂമി പിടിച്ചെടുത്ത് കുടിയാന് നൽകിയിരുന്നു.
ഇതേ മാതൃകയിൽ ഗൂഡല്ലൂരിലും ജന്മിത്വ നിരോധന നിയമം നടപ്പിലാക്കി ജന്മികളിൽ നിന്ന് കുടിയാന്മാരെ സംരക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഗൂഡല്ലൂർ ജന്മിത്വ നിരോധന നിയമത്തിലൂടെ ജന്മിയുടെ ഭൂമി സർക്കാരിന്റെ അധീനതയിലാക്കുകയുണ്ടായി.
ഇതിന്റെ ഭാഗമായി ഏകദേശം 80,088 ഏക്കറോളം ഭൂമിയാണ് സർക്കാരിന്റെ കൈയിലായത് എന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ 28,087 ഏക്കറോളം ഭൂമി സർക്കാർ പട്ടയമായി വിതരണം ചെയ്തു.
എന്നാൽ ബാക്കിയുള്ള 52,000 ഏക്കറോളം ഭൂമി നിയമത്തിലെ സെക്ഷൻ 17ന്റെ പരിധിയിൽ ഉൾപ്പെടുകയായിരുന്നു. ഈ 52,000ത്തോളം ഏക്കർ ഭൂമി സർക്കാരിന്റെ വനഭൂമിയാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം.
അതേസമയം ഇത് പ്ലാന്റേഷൻ ഭൂമിയാണെന്ന് ഭൂഉടമകളും, തങ്ങൾ താമസിക്കുന്നതും കൃഷി ചെയ്യുന്നതുമായ ഭൂമിയാണെന്ന് കർഷകരും അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട
കോടതീകേസുകൾ ഇപ്പോഴും തുടരുകയാണ്. പ്രദേശം വനഭൂമിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ തമിഴ്നാട് സർക്കാർ സെക്ഷൻ 17ൽ ഉൾപ്പെടുന്ന ജനങ്ങൾക്ക് പട്ടയം അനുവദിക്കുന്നില്ല.
പ്രദേശത്തെ ഓവാലി പഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളും ഈ തർക്കത്തിൽ ഉൾപ്പെടുന്നു എന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ഗൂഡല്ലൂർ താലൂക്കിലെ വലിയൊരു പങ്കും പന്തല്ലൂർ ഭാഗത്തെ ചില പ്രദേശങ്ങളും ഈ സെക്ഷൻ 17 ഭൂമിയുടെ പരിധിയിലാണ് വരുന്നത്.
ഇരട്ടപ്രഹരമേൽപ്പിച്ച് തമിഴ്നാട് സ്വകാര്യ വന സംരംക്ഷണ നിയമം 1949ലാണു മദ്രാസ് സർക്കാർ സ്വകാര്യ വനസംരംക്ഷണ നിയമം പാസാക്കുന്നത്. വനഭൂമിയിൽ അനധികൃത വ്യവസായങ്ങൾ വരാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നിയമം.
അന്ന് 46,730.68 ഏക്കർ ഭൂമിയാണ് ഈ നിയമപരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. തുടർന്ന് 1991ൽ അന്നത്തെ നീലഗിരി ജില്ലാ കലക്ടറായിരുന്ന ലീനാ നായർ, മുതുമലയിൽ നിന്ന് 5 മൈൽ ആകാശദൂരമുള്ള സ്ഥലമെല്ലാം സ്വകാര്യ വനഭൂമിയായി വിജ്ഞാപനം പുറപ്പെടുവിച്ചു.
നിലവിൽ പന്തല്ലൂർ താലൂക്കിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പട്ടയഭൂമിയിൽ ഈ നിയമം നടപ്പാക്കുന്നതിനെതിരെ അന്ന് ജനപ്രതിനിധികളും കർഷകരുമടക്കം വലിയ പ്രതിഷേധവുമായി മുന്നോട്ടു വന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ ഈ വിജ്ഞാപനം താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ 2009ൽ അന്നത്തെ നീലഗിരി ജില്ലാ കലക്ടർ ആനന്ദറാവു പാട്ടീൽ മറ്റൊരു വിജ്ഞാപനം കൂടി ഇറക്കി.
1991ലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമികൾ കൈമാറ്റം ചെയ്യണമെങ്കിൽ ജില്ലയിലെ കലക്ടർ ചെയർമാനായ അഞ്ചംഗ ജില്ലാ കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നും, അല്ലാത്തപക്ഷം ആ കൈമാറ്റം നിയമപരമായിരിക്കില്ലെന്നുമായിരുന്നു ഉത്തരവ്.
തമിഴ്നാട് സർക്കാരിന്റെ പ്രദേശത്തെ ജനങ്ങളെ കുടിയിറക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഈ വിജ്ഞാപനം കാരണം സ്വന്തം ഭൂമി കൈമാറ്റം ചെയ്യാനോ കൃഷിക്കായി ബാങ്ക് ലോൺ എടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങൾ.
ഈ നിയമം വയനാട്ടിലും മറ്റു പശ്ചിമഘട്ട മേഖലകളിലും വരാനിരിക്കുന്ന ഇഎസ്ഐ (ESI) വിജ്ഞാപനത്തിന് സമാനമാണെന്നത് ശ്രദ്ധേയമാണ്.
ഈ രണ്ട് നിയമങ്ങളും നിലവിൽ ഗൂഡല്ലൂരിലെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം വിനോദസഞ്ചാരത്തിനുള്ള സാധ്യതകൾ അടയ്ക്കുകയും, അതുവഴി പ്രദേശത്തിന്റെ ഭൗതിക വികസനം തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

