തിരുവനന്തപുരം: പ്രവാസികളുടെ വസതികളും അടച്ചിട്ട വീടുകളും ലക്ഷ്യമിട്ട് വർക്കല മേഖലയിൽ കവർച്ചാ സംഘത്തിന്റെ സജീവ സാന്നിധ്യം.
പാളയംകുന്ന്, കോവൂർ, വണ്ടിപ്പുര തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് വ്യത്യസ്ത രീതിയിലുള്ള മോഷണ പരമ്പരകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വീടുകളിലെ സ്വർണമോ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാതെ, പകരം വൈദ്യുത വയറിംഗുകൾ, കോപ്പർ വയറുകൾ, ഫ്രിഡ്ജിന് പിന്നിലെ ചെമ്പ് ഭാഗങ്ങൾ, ജലവിതരണ മോടറുകൾ എന്നിവ മാത്രം ഊരിയെടുത്ത് കടന്നുകളയുന്നതാണ് ഈ സംഘത്തിന്റെ പ്രവർത്തന രീതിയെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂലൈ 15-ന് പാരിപ്പള്ളിയിൽ സമാന രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതി പിടിയിലായിരുന്നു. എന്നാൽ, അതേ സംഘം തന്നെയാണ് ഇപ്പോൾ വർക്കലയിലും അഴിഞ്ഞാടുന്നതെന്നാണ് പുറത്തുവരുന്ന സംശയങ്ങൾ.
അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ തുടർച്ചയായിട്ടും നിയമപാലകരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സനൽ ആരോപിച്ചു. പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥരുടെ ഈ അനാസ്ഥ മോഷ്ടാക്കൾക്ക് കൂടുതൽ അനുകൂല സാഹചര്യമൊരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് സനൽ അഭ്യർത്ഥിച്ചു. അടുത്തുള്ള അടച്ചിട്ട
വീടുകളിലോ പരിസരപ്രദേശങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ സംശയാസ്പദമായ രീതിയിൽ ആളുകളെ കാണുകയോ ചെയ്താൽ ഉടൻ തന്നെ പൊലീസിനെയോ ജനപ്രതിനിധികളെയോ വിവരമറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

