സംസ്ഥാനത്തെ കയർ മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ അതിന് ശാശ്വത പരിഹാരം കാണുക ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കമായി. ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വീടുകളിലെത്തി കയറുൽപന്ന വിൽപന നടത്തി ശ്രദ്ധേയനായി.
വാതിൽ തുറന്നപ്പോൾ കയർ ചവിട്ടിയുമായി മുന്നിൽ നിന്ന മന്ത്രിയെ കണ്ട് വീട്ടുകാർക്ക് അദ്ഭുതവും സന്തോഷവുമുണ്ടായി. സിവിൽ സ്റ്റേഷൻ വാർഡിൽ നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ എ.എം.നൗഫലിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ സൈനയ്ക്കും മകൾ ഹൈഫാ മറിയത്തിനും കയർ ഉൽപന്നം കൈമാറിയാണ് മന്ത്രി ആദ്യ വിൽപന നിർവഹിച്ചത്.
തുടർന്ന് പ്രദേശത്തെ വിവിധ വീടുകളിലെ ഉൽപന്ന വിൽപനയിലും അദ്ദേഹം പങ്കെടുത്തു. കയർ കോർപറേഷൻ തയാറാക്കിയ മാറ്റുകളാണ് ഈ പദ്ധതിയുടെ ഭാഗമായി വീടുകളിലെത്തിച്ചത്.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു കയർ ഉൽപന്നമെങ്കിലും എത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. പരമ്പരാഗത കയർ ഉൽപന്നങ്ങൾക്ക് 50% വിലക്കുറവാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
കൂടാതെ, സർക്കാർ ഓഫിസുകൾ വഴി ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വരുന്ന ഫെബ്രുവരി 9 വരെ നീളുന്ന ആറു മാസത്തെ വിപണന പരിപാടിയിലൂടെ 30 കോടി രൂപയുടെ വിറ്റുവരവാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കയർ മേഖലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും, അതിനായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും അത്യന്താപേക്ഷിതമാണെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചകിരിച്ചോർ ഉൽപാദനത്തിനായി പ്രത്യേക സ്കീം ആലോചനയിലുണ്ട്.
പ്രവർത്തനക്ഷമത വിലയിരുത്തി 443 കയർ സംഘങ്ങൾക്ക് 4.56 കോടി രൂപ മൂലധനമായി നൽകും. കയർ ഭൂവസ്ത്രം വിതരണം ചെയ്ത വകയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കുടിശികയായി നൽകാനുള്ള 68 കോടിയിൽ 41 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.
കയർഫെഡും കയർ കോർപറേഷനും സംഘങ്ങൾക്ക് നൽകാനുള്ള കയർ വില കുടിശികയിൽ 12 കോടിയിൽ 10.95 കോടി രൂപ നൽകാനും തീരുമാനമായിട്ടുണ്ട്. തൊഴിലെടുക്കാൻ കഴിയാത്ത കയർ തൊഴിലാളികൾക്ക് ഓണത്തിന് പ്രത്യേക സഹായം നൽകണമെന്ന കെ.സി.വേണുഗോപാൽ എംപിയുടെ നിർദേശം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും, തൊഴിലാളികളുടെ കൂലി വർധന സംബന്ധിച്ച് തൊഴിലാളികളുമായും മാനേജുമെന്റുകളുമായും ചർച്ച നടത്തി പരിഹാരമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പദ്ധതിയുടെ ലോഗോ പ്രകാശനവും ആനുകൂല്യ വിതരണവും കെ.സി.വേണുഗോപാൽ എംപി നിർവഹിച്ചു. കയറിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞിട്ട് ഒരുപാട് നാളായി എന്നും കയർ തൊഴിലാളികളുടെ ക്ഷേമത്തിനു മുൻഗണന കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും എംപി പറഞ്ഞു.
കയർസംഘങ്ങൾ ഒരു സാമ്പത്തിക വർഷം വിപണനം നടത്തിയ തുകയുടെ 10 ശതമാനം പിഎംഐ ആയി നൽകുന്ന പദ്ധതി പ്രകാരം ആലപ്പുഴ കയർ പ്രോജക്ട് പരിധിയിൽ ഉൾപ്പെട്ട മായിത്തറ ബാപ്പുജി സിവിസിഎസ്, കഞ്ഞിക്കുഴി സിഎംഎസി ലിമിറ്റഡ്, മാതൃക സിഎംഎസി എന്നിവയ്ക്കുള്ള തുക എംപി വിതരണം ചെയ്തു.
തൊഴിലാളികളുടെ കൂലി സർക്കാർ 350ൽ നിന്ന് 400 ആയി ഉയർത്തിയതിന്റെ 50 ശതമാനം സർക്കാർ ഗ്രാന്റായി നൽകുന്നതിന്റെ ഭാഗമായി ആലപ്പുഴ കയർ പ്രോജക്ടിലെ 73ൽ അധികം സംഘങ്ങളിൽ നിന്ന് 7 സംഘങ്ങൾക്കുള്ള സർക്കാർ വിഹിതവും എംപി കൈമാറി. ആദ്യ വിൽപന മന്ത്രി രമേശ് ചെന്നിത്തലയും കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാറും ചേർന്നു നിർവഹിച്ചു.
കൂടാതെ, കുടപ്പനക്കുന്നിലെ ദേശീയ കയർ ഗവേഷണ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച പുതിയ ഉൽപന്നമായ കൊയ്റോ ഇക്കോ ഫ്രണ്ട്ലി ലാപ്ടോപ് കൂളിങ് പാഡ് ഡയറക്ടർ ഡോ. അഭിഷേകിനു നൽകി മന്ത്രി രമേശ് ചെന്നിത്തല പുറത്തിറക്കി.
ജി.സുധാകരൻ എംഎൽഎ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭാ സ്ഥിരസമിതി അധ്യക്ഷ സി.ജ്യോതിമോൾ, നഗരസഭാ അംഗങ്ങളായ ആർ.അംജിത് കുമാർ, എസ്.നാസിയ, എം.എസ്.സർജു, കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.എ.അബ്ദുൽ സലാം ലബ്ബ, കയർ വികസന ഡയറക്ടർ സമീർ കിഷൻ, കയർ കോർപറേഷൻ എംഡി പ്രതീഷ് ജി.പണിക്കർ, കയർഫെഡ് എംഡി ശശികുമാർ എന്നിവർ മന്ത്രിയോടൊപ്പം വീടുകയറിയുള്ള വിൽപനയിൽ പങ്കെടുത്തു. കൗൺസിലർ ബിന്ദു തോമസ്, കയർ വികസന വകുപ്പ് അഡിഷനൽ ഡയറക്ടർ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

