വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയിലെ പുതിയ ഭേദഗതികൾ ജീവകാരുണ്യ സ്ഥാപനങ്ങളുടെയും മിഷനറി സംഘടനകളുടെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ആശങ്ക. വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചു.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ വിവിധ മേഖലകളിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങൾ വിദേശ സഹായങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഈ സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലാകരുത് പുതിയ നിയന്ത്രണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടത് ആവശ്യമാണ്. എങ്കിലും അതിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അമിതമായ ഭരണപരമായ ബുദ്ധിമുട്ടുകളും സാമ്പത്തിക ഭാരവും ഉണ്ടാക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ, അനുമതി നടപടികൾ എന്നിവയ്ക്ക് കൃത്യവും സമയബന്ധിതവുമായ മാനദണ്ഡങ്ങൾ രൂപീകരിക്കണം. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറിയ എൻജിഒകളുടെ മേൽ അനാവശ്യ ഭാരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നടപടികൾ പാടുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതികൂല തീരുമാനങ്ങൾക്കെതിരെ ഫലപ്രദമായ അപ്പീൽ സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സുതാര്യത ഉറപ്പാക്കണം; സേവന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുത്” നിയമപരമായ നടപടിക്രമങ്ങളുടെ പേരിൽ വർഷങ്ങളായി നടന്നു വരുന്ന ക്ഷേമ പദ്ധതികൾ നിലയ്ക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.
സന്നദ്ധ സംഘടനകളുമായി അർത്ഥവത്തായ കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമേ ഇത്തരം നിർണായക മാറ്റങ്ങൾ നടപ്പിലാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി വേണം.
എന്നാൽ നിയമം പാലിച്ച് രാജ്യത്തെ പിന്നാക്കവിഭാഗങ്ങൾക്കും ദുരിതബാധിതർക്കും സേവനം ചെയ്യുന്ന സംഘടനകളെ സംശയത്തിന്റെ പേരിൽ തടയരുത്. പുതിയ നിയമഭേദഗതികൾ നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട
എൻജിഒകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ, മിഷനറി–വിശ്വാസാധിഷ്ഠിത സംഘടനകൾ എന്നിവരുമായി സർക്കാർ സമഗ്രമായ കൂടിയാലോചന നടത്തണം”, കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

