ഭാര്യയെ മർദിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഭർത്താവിനെ ദില്ലി അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാരിയായ ഭാര്യയുടെ മരണം കണക്കിലെടുത്താണ് കോടതിയുടെ നിർണായക വിധി.
കേസിൽ ആരോപണങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ദൃക്സാക്ഷികളോ മറ്റു ശക്തമായ തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. 2021-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അഭിനേഷ് ത്രിപദി എന്നയാൾക്കെതിരെ ഭാര്യ രശ്മി ആണ് പരാതി നൽകിയിരുന്നത്. അപരിചിതനോട് സംസാരിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് തന്നെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തുവെന്നായിരുന്നു പരാതിയിലെ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസി 307, 323, 341, 506 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വേളയിൽ പരാതിക്കാരി പൊലീസിന് ഔദ്യോഗിക മൊഴി നൽകിയിരുന്നില്ല.
കോടതി നടപടികൾക്കിടെ പലതവണ നോട്ടീസ് അയച്ചെങ്കിലും പരാതിക്കാരി ഹാജരാകാതിരുന്നതിനെ തുടർന്ന്, ഇവരുടെ പിതാവ് കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു. മകൾ മരണപ്പെട്ടുവെന്നും, മരിക്കുന്നതിന് മുൻപ് ഭർത്താവുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വിവാഹമോചനം നേടിയ ശേഷം എട്ട് ലക്ഷം രൂപ ജീവനാംശമായി കൈപ്പറ്റിയതായും പിതാവ് വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴിയോ മറ്റു സാക്ഷിമൊഴികളോ ഇല്ലാത്ത സാഹചര്യം പരിഗണിച്ചാണ് അഭിനേഷ് ത്രിപദിയെ കോടതി വെറുതെവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

