കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തകർന്നു വീണ ക്ലോക്ക് ടവറിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അപകടാവസ്ഥയിൽ തുടരുന്ന കെട്ടിടഭാഗങ്ങൾ സുരക്ഷിതമായി പൊളിച്ചുനീക്കാനാണ് റെയിൽവേ അധികൃതരുടെ തീരുമാനം.
ഇന്നലെ രാത്രി വടങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ വലിച്ചിറക്കാൻ നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടർന്ന്, കൂടുതൽ സാങ്കേതിക പരിശോധനകൾക്ക് ശേഷമാണ് നടപടികൾ പുനരാരംഭിച്ചത്. കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത ശേഷം മാത്രമേ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലെ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ.
നിലവിൽ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ട്രെയിനുകൾ വഴിതിരിച്ചുവിട്ടാണ് സർവീസ് നടത്തുന്നത്. ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ള സർവീസുകൾ നാലാം നമ്പർ പ്ലാറ്റ്ഫോമിലൂടെയുമാണ് കടന്നുപോകുന്നത്.
നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകളിൽ സമയമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ദുരിതം പരിഹരിച്ച് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയ ശേഷം, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

