മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫിസർ തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്ത്. ഈ തീരുമാനം ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് പാർട്ടി ഉന്നതതല സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കണ്ട് പരാതി നൽകി.
കെ.സി. വേണുഗോപാൽ, ജയറാം രമേശ്, അഭിഷേക് സിങ്വി, വിവേക് ടാങ്ക, രൺദീപ് സുർജേവാല, ദീപാ ദാസ്മുൻഷി തുടങ്ങിയ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട
സംഘമാണ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്. സ്ഥാനാർഥി മീനാക്ഷി നടരാജനും ഒപ്പമുണ്ടായിരുന്നു.
“ഇത് ജനാധിപത്യത്തിന്റെ അട്ടിമറിയാണ്. ഭരണഘടനാ സ്ഥാപനങ്ങളിൽ ഞങ്ങൾക്ക് ഇപ്പോഴും പൂർണ വിശ്വാസമുണ്ട്.
അതുകൊണ്ടാണ് ഈ പോരാട്ടം നടത്തുന്നത്” എന്ന് കമ്മിഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മീനാക്ഷി നടരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് ലീഗൽ സെൽ മേധാവി അഭിഷേക് സിങ്വി റിട്ടേണിങ് ഓഫിസറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ 33എ വകുപ്പ് പ്രകാരം, രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കേസുകൾ മാത്രമാണ് വെളിപ്പെടുത്തേണ്ടതെന്നിരിക്കെ, ഈ കേസിൽ അത്തരം സാഹചര്യങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കുറ്റപത്രം റജിസ്റ്റർ ചെയ്യുന്നത് ഒരു ജുഡീഷ്യൽ പ്രക്രിയയാണ്.
എന്നാൽ മീനാക്ഷി നടരാജനെതിരെ അത്തരമൊരു പ്രക്രിയ പോലും നടന്നിട്ടില്ല. ഒരു സ്വകാര്യ പരാതിയിൽ കോടതി നോട്ടിസ് മാത്രമേ ഇറക്കിയിട്ടുള്ളൂ.
അപ്പോൾ വെളിപ്പെടുത്തേണ്ട ‘ക്രിമിനൽ കേസ്’ എവിടെ എന്നാണ് കോൺഗ്രസിന്റെ ചോദ്യം.
ഇന്ത്യൻ നിയമവ്യവസ്ഥയും ഒരു ഹൈക്കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്” എന്ന് അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പിലെ തുല്യ അവസരം നിഷേധിക്കുന്ന ഈ നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ച തന്നെ പരാതിയുമായി എത്തിയ സംഘം, നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ പിഴവ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിങ്വി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

