തിരുവനന്തപുരം വാഴോട്ടുകോണം ഡിവിഷൻ കൗൺസിലർ ആർ.സുഗതനെ വധശ്രമക്കേസിൽ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
ഇന്നലെ രാത്രി പത്തോടെ വട്ടിയൂർക്കാവ് ചിത്രാ നഗറിലെ വസതിയിൽ വെച്ചാണ് സുഗതനെ പിടികൂടാൻ പൊലീസ് എത്തിയത്. എന്നാൽ കൗൺസിലറെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസ് സംഘത്തെ ബിജെപി പ്രവർത്തകർ വളയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വട്ടിയൂർക്കാവ് എസ്എച്ച്ഒ എ.സി.വിപിൻ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു.
തുടർന്നാണ് കൗൺസിലറെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് സാധിച്ചത്. രണ്ടുമാസം മുൻപ് നടന്ന ക്ഷേത്രോത്സവത്തിനിടെ രണ്ടുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് സുഗതൻ ഒന്നാം പ്രതിയായിരിക്കുന്നത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഇദ്ദേഹം കോർപറേഷൻ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ക്ഷേത്രോത്സവം അലങ്കോലമാക്കാൻ ശ്രമിച്ചവരെ തടയുക മാത്രമാണ് ചെയ്തതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചിരുന്നു.
എന്നാൽ താൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണെന്നും പൊലീസ് ഇത് പരിഗണിച്ചില്ലെന്നും വൈദ്യപരിശോധനയ്ക്കെത്തിയപ്പോൾ ആർ.സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ സുഗതനെ കാറിൽ നിന്നും ബസിലേക്കു മാറ്റിയാണ് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. നേരത്തെ പത്തോളം കേസുകളിൽ പ്രതിയായ ആർ.സുഗതനെതിരെ കാപ്പ ചുമത്തി നടപടി സ്വീകരിച്ചിരുന്നു.
ഇതിന് ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം വിജയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

