എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സി.പി.എം നേതാവും മുൻ സഹകരണ മന്ത്രിയുമായ വി.എൻ.
വാസവൻ രംഗത്ത്. കോട്ടയത്ത് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
മുൻ സർക്കാരിന്റെ കാലത്ത് നൽകിയ ചുമതലകളെല്ലാം കൃത്യമായും സത്യസന്ധമായും നിയമവും ചട്ടവും പാലിച്ചുകൊണ്ട് നിർവഹിച്ച വ്യക്തിയാണ് റാവുവെന്ന് വ്യക്തമാക്കിയ വാസവൻ, സർക്കാരിന്റെ ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കാരണമെന്ന് ആരോപിച്ചു. ബാർ ലൈസൻസ് വിഷയത്തിൽ മുൻ സർക്കാർ ചെയ്ത കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും നടന്നതെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ ഭരണത്തിൽ മറ്റു മന്ത്രിമാർക്ക് യാതൊരു റോളുമില്ലെന്നും മുഖ്യമന്ത്രിയുടെ ‘വൺമാൻ ഷോ’ ആണ് സർക്കാരിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുതിയ മദ്യനയം വരുന്നത് വരെ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്ന് എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതലയുള്ള അഡീഷണൽ കമ്മീഷണർ ജയശങ്കർ സർക്കുലർ ഇറക്കി.
നയം വരട്ടെയെന്ന് മന്ത്രി പറഞ്ഞിട്ടും ബാർ ലൈസൻസ് അനുവദിച്ചതാണ് ശ്രീറാം സാംബശിവ റാവുവിന്റെ കസേര തെറിക്കാൻ കാരണമായത്. പുതിയ ലൈസൻസ് അനുവദിക്കരുതെന്ന് രേഖാമൂലം ഒരു നിർദേശവുമില്ലെന്നായിരുന്നു റാവുവിന്റെ വാദം.
കമ്മീഷണർ മാറിയതിന് പിന്നാലെയാണ് താത്കാലിക ചുമതലയുള്ള ജയശങ്കർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. മറുവശത്ത്, പടിയിറങ്ങവേ സാംബശിവ റാവു സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ച് പ്രതിരോധിക്കാനാണ് സർക്കാർ നീക്കം.
രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണം മാത്രമല്ല, റിപ്പോർട്ട് നൽകിയ സാംബശിവ റാവുവിന്റെ കാലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നൽകിയ ബാർ ലൈസൻസുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരും. മന്ത്രിയുടെ പേരും വലിച്ചിഴച്ച് സാംബശിവ റാവു റിപ്പോർട്ട് നൽകിയതിൽ മന്ത്രിസഭയിലെ മിക്ക അംഗങ്ങൾക്കും അതൃപ്തിയുണ്ട്.
സംഭവത്തിൽ സാംബശിവ റാവുവിനെ ന്യായീകരിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നീക്കം അഴിമതിക്ക് വേണ്ടിയാണെന്ന ആരോപണവും പ്രതിപക്ഷം കടുപ്പിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

