മുംബൈ: റെയിൽവേ സ്റ്റേഷനിൽ മൂത്രമൊഴിച്ചതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് 28-കാരൻ ജീവനൊടുക്കി. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ ജാൽന സ്വദേശിയായ എംബിഎ ബിരുദധാരി മഹേഷ് ആദെയാണ് ആത്മഹത്യ ചെയ്തത്. ഔറംഗബാദ് റെയിൽവേ സ്റ്റേഷനിൽ മഹേഷും സുഹൃത്തും മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ജാൽന ജില്ലയിലെ പർത്വാഡ ദോക്മാൽ ഗ്രാമത്തിലെ താമസക്കാരനാണ് മരിച്ച മഹേഷ്. എംബിഎ പഠനത്തിന് ശേഷം പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മഹേഷ്, അടുത്തിടെ ജോലി ഉപേക്ഷിച്ച് കൃഷിപ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു. വീഡിയോയിലൂടെ മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടർന്നു ചരിത്രപുരുഷന്റെ പേരുള്ള ബോർഡിനെ അപമാനിക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്.
ഇതോടെ മഹേഷിനും സുഹൃത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമുണ്ടായി. നിരവധി പേർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.
സമ്മർദ്ദം സഹിക്കാനാവാതെ മഹേഷ് മാപ്പപേക്ഷിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നവംബർ 4-ന് റെയിൽവേ പോലീസും വീട്ടിലെത്തി മൊഴിയെടുത്തു.
തുടർന്ന് റെയിൽവേ അധികൃതരോടും ക്ഷമാപണം നടത്തിക്കൊണ്ട് മറ്റൊരു വീഡിയോയും മഹേഷ് പങ്കുവെച്ചിരുന്നു. തുടർച്ചയായ ഭീഷണികളിലും മാനസിക പീഡനത്തിലും മനംനൊന്താണ് മഹേഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. സ്വന്തം കൃഷിയിടത്തിലെ കിണറ്റിൽ ചാടിയാണ് യുവാവ് ജീവൻ അവസാനിപ്പിച്ചത്.
ഏക മകന്റെ മരണത്തിൽ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദുരുദ്ദേശത്തോടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

