സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് നടത്തിയ വിവാദ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പുറത്തുവന്നു. പരാതിക്കാരനായ ശ്യാം കൃഷ്ണൻ പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
മൂല്യനിർണയത്തിൽ 58 മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്നാണ് വീണ്ടും മൂല്യനിർണയവും അഭിമുഖവും നടത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഒരൊഴിവ് മാത്രമുള്ള ഈ തസ്തികയിലേക്ക് മുൻപ് നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിന് പുതിയ പട്ടികയിൽ അഞ്ചാം റാങ്ക് മാത്രമാണ് ലഭിച്ചത്.
പുതിയ ഫലപ്രകാരം ശ്യാം കൃഷ്ണന് ആകെ 78.50 മാർക്കും അരുൺ ജെ. പ്രതാപിന് 64.25 മാർക്കുമാണ് ലഭിച്ചിട്ടുള്ളത്.
ശ്യാമിന് പരീക്ഷയിൽ 59.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കും ലഭിച്ചപ്പോൾ, അരുാന് യഥാക്രമം 46.25, 18 എന്നിങ്ങനെയാണ് മാർക്കുകൾ ലഭിച്ചത്. ആദ്യ റാങ്ക് പട്ടികയിൽ ശ്യാം കൃഷ്ണൻ മൂന്നാം സ്ഥാനത്തായിരുന്നു.
നിലവിൽ ഒന്നാം റാങ്ക് നേടിയിരുന്ന അരുൺ ജെ. പ്രതാപ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ തസ്തികയിൽ സേവനം അനുഷ്ഠിച്ചു വരികയാണ്.
നിയമന ശുപാർശ നൽകി ഒരു വർഷം വരെ മാത്രമാണ് പിഎസ്സിക്ക് അത് റദ്ദാക്കാൻ അധികാരമുള്ളത്. അതിനുശേഷമുള്ള നടപടികൾക്കായി പിഎസ്സി സർക്കാരിന് ശുപാർശ നൽകേണ്ടതുണ്ട്.
തുടർനടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ എസ്ഐടി, നാല് പിഎസ്സി അംഗങ്ങളോട് മൊഴിയെടുപ്പിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പിഎസ്സി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനമാണുണ്ടായത്.
ഒരു ലക്ഷം രൂപയിലേറെ പ്രതിമാസ ശമ്പളമുള്ള പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ പത്തു ചോദ്യങ്ങൾക്ക് മാർക്കിടാതെ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നൽകിയതാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടതോടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്.
ആകെ ഉണ്ടായിരുന്ന 28 ചോദ്യങ്ങളിൽ 18 എണ്ണത്തിന് മാത്രമാണ് പിഎസ്സി മാർക്ക് നൽകിയിരുന്നത്. ബാക്കി പത്ത് ചോദ്യങ്ങൾ മൂല്യനിർണയത്തിനായി അധ്യാപകർക്ക് കൈമാറിയിരുന്നില്ല.
ഉത്തരങ്ങൾ മുഴുവൻ പരിശോധിക്കാതെ പ്ലാനിങ് ബോർഡ് ചീഫ് പോലുള്ള ഉയർന്ന പദവിയിലേക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

