കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ദൃശ്യവൽക്കരിച്ചുകൊണ്ട് മലയാളി ഫോട്ടോഗ്രാഫർ ആർ കെ ശ്രീജിത്ത് ഒരുക്കിയ ചിത്രങ്ങളുടെ പ്രദർശനം അമേരിക്കയിലെ ന്യൂയോർക്കിൽ നടക്കുന്നു. ന്യൂയോർക്ക് ക്ലൈമറ്റ് വീക്കിന്റെ ഭാഗമായി ‘കൈത’ (KAITHA) സംഘടനയും ഫോർഡാം യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സും കൈകോർത്താണ് ‘വെൻ ലൈഫ് കേം ടു എ സ്റ്റാൻഡ്സ്റ്റിൽ’ എന്ന തലക്കെട്ടിൽ ഈ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.
ഫോർഡാം സർവകലാശാലയുടെ കീഴിലുള്ള ‘റഫ്യൂജ് ഗാലറി’യാണ് ഈ ആഗോള ഫോട്ടോ പ്രദർശനത്തിന് വേദിയായിരിക്കുന്നത്. കേരളം ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ള അപൂർവ്വവും സമാനതകളില്ലാത്തതുമായ പ്രകൃതിക്ഷോഭങ്ങളുടെ നേർസാക്ഷ്യങ്ങളാണ് ഈ പ്രദർശനത്തിലൂടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്നത്.
2018-ലെ പ്രളയം, 2024-ലെ വയനാട് ഉരുൾപൊട്ടൽ, കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന കടലാക്രമണങ്ങളും തീരശോഷണവും ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ശ്രീജിത്തിന്റെ ക്യാമറക്കണ്ണുകളിലൂടെ ഫോർഡാം യൂണിവേഴ്സിറ്റിയുടെ ഗാലറിയിൽ എത്തിച്ചേർന്നിരിക്കുന്നത്. വെള്ളം കയറി ഒറ്റപ്പെട്ടുപോയ കൊച്ചി വിമാനത്താവളത്തിലെ റൺവേ, വ്യോമസേനയുടെ നേതൃത്വത്തിൽ ആകാശമാർഗ്ഗം നടപ്പാക്കിയ രക്ഷാപ്രവർത്തനങ്ങൾ, പ്രളയജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ജനവാസ മേഖലകൾ എന്നിവയോടൊപ്പം സന്ദർശകരുടെ കണ്ണുനനയിക്കുന്ന മറ്റ് നിരവധി ചിത്രങ്ങളും ഈ പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രളയത്തിൽ തകർന്നടിയകപ്പെട്ട പണിശാലയിൽ നിന്നും സുരക്ഷിതമായി വീണ്ടെടുത്ത ആറന്മുള കണ്ണാടിയുമായി നിൽക്കുന്ന ഒരു കരകൗശല വിദഗ്ദ്ധൻ, നദീതീരത്ത് ഭാഗികമായി കേടുപാടുകൾ സംഭവിച്ച നിലയിൽ കാണപ്പെടുന്ന പള്ളിയോടം, വീട് പൂർണ്ണമായും കടലെടുത്തതിനെത്തുടർന്ന് കരയിൽ നിസ്സഹായനായി നിൽക്കേണ്ടി വന്ന മൽസ്യത്തൊഴിലാളി, വെള്ളം കയറിയ സ്വന്തം അടുക്കളയിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കാൻ നിർബന്ധിതയായ സ്ത്രീ, കടലിന്റെ ഭീകരതയിൽ വീട് തകർന്നുപോകുമോ എന്ന ആശങ്കയോടെ തിരമാലകളെ മാത്രം നോക്കിനിൽക്കുന്ന വ്യക്തി എന്നിങ്ങനെ കേരളത്തിന്റെ സാധാരണ ജനവിഭാഗങ്ങൾ അനുഭവിച്ചറിഞ്ഞ അതിജീവനത്തിന്റെ ഓരോ നിമിഷങ്ങളും ശ്രീജിത്തിന്റെ ലെൻസിൽ അനശ്വരമായിട്ടുണ്ട്.
വരുംതലമുറകൾക്കായി കേരളം പിന്നിട്ടുപോയ ദുരന്തങ്ങളുടെ ചരിത്രരേഖയായി ഈ ചിത്രങ്ങൾ നിലകൊള്ളുകയാണ്. കേവലം പരിസ്ഥിതിപരമായ ചർച്ചകൾക്കപ്പുറം, കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ നിലനിൽപ്പിനെയും ഉപജീവന മാർഗ്ഗങ്ങളെയും സാംസ്കാരിക പൈതൃകത്തെയും അടിസ്ഥാന സൗകര്യങ്ങളെയും എത്രത്തോളം ആഴത്തിൽ ബാധിക്കുന്നുവെന്ന ശക്തമായ ഓർമ്മപ്പെടുത്തലായി ഈ ഫോട്ടോഗ്രാഫുകൾ മാറിക്കൊണ്ടിരിക്കുകയാണ്.
“ആഗോളതലത്തിൽ നടക്കുന്ന കാലാവസ്ഥാ ചർച്ചകളിൽ പലപ്പോഴും ദുരന്തങ്ങൾ അനുഭവിച്ചറിയുന്ന സാധാരണക്കാരുടെ ശബ്ദം കേൾക്കാറില്ല. എന്നാൽ ഈ ചിത്രങ്ങൾ ആ സ്ഥിതി മാറ്റുന്നു.
കേരളത്തെ ഇവിടെ ഒരു കണക്കായോ കേസ് സ്റ്റഡിയായോ അല്ല കാണിച്ചിരിക്കുന്നത്. ദുരന്തബാധിതർ ഈ മുറിയിൽ സന്നിഹിതരായി നമ്മോട് പ്രതികരിക്കാൻ ആവശ്യപ്പെടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്” എന്ന് ഫോർഡാം യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ഡയറക്ടർ ബ്രെൻഡൻ കാഹിൽ വ്യക്തമാക്കി.
ദുരന്തങ്ങളെ അതിജീവിച്ച് നാടിനെയും ജനങ്ങളെയും മുന്നോട്ട് നയിക്കാനുള്ള കരുത്ത് ആർജിക്കുകയാണ് പ്രധാനം എന്ന് പ്രമുഖ സാമൂഹിക സംരംഭകനായ ഗോപിനാഥ് പറയിൽ അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് ചേന്ദമംഗലം നെയ്ത്തുകാർക്ക് കൈത്താങ്ങായി അദ്ദേഹം ആരംഭിച്ച ‘ചേകുട്ടി പാവകൾ’ പദ്ധതി ഈ പ്രതിരോധശേഷിയുടെയും അതിജീവനത്തിന്റെയും ഉത്തമ മാതൃകയായി പ്രദർശനത്തിൽ ഉയർത്തിക്കാണിക്കുന്നുണ്ട്.
ഫോട്ടോഗ്രാഫി രംഗത്ത് കാൽനൂറ്റാണ്ടിലേറെക്കാലത്തെ സേവന പാരമ്പര്യമുള്ള ശ്രീജിത്ത്, കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രമുഖ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ ഫോട്ടോ ജേർണലിസ്റ്റായി സേവനം അനുഷ്ഠിക്കുകയാണ്. നിലവിൽ അസിസ്റ്റന്റ് ഫോട്ടോ എഡിറ്ററുടെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.
ഇതിനുപുറമേ 10 വർഷക്കാലം ‘ഇന്ത്യൻ എക്സ്പ്രസ്’, ‘ന്യൂ ഇന്ത്യൻ എക്സ്പ്രസ്’, ‘ഡെക്കാൻ ക്രോണിക്കിൾ’ എന്നീ മാധ്യമങ്ങളിലും ഫോട്ടോ ജേർണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ന്യൂയോർക്കിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ തന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായി പകർത്തിയതാണെങ്കിലും അവയിൽ പലതും മുൻപ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നില്ല.
അത്തരം അച്ചടിമഷി പുരളാത്ത ചിത്രങ്ങളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയാണ്. അമേരിക്കയിൽ പ്രവാസിയായ ജോബി എന്ന സുഹൃത്താണ് ശ്രീജിത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത തിരിച്ചറിഞ്ഞതും അവ ന്യൂയോർക്ക് ക്ലൈമറ്റ് വീക്കിന്റെ ഭാഗമാക്കാൻ അനുയോജ്യമായ അവസരമുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചതും.
സുഹൃത്തിന്റെ നിർദ്ദേശപ്രകാരം താൻ പകർത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ശ്രീജിത്ത് അങ്ങോട്ട് അയച്ചുകൊടുക്കുകയാണുണ്ടായത്. കാലാവസ്ഥാ വ്യതിയാനം യാതൊരു സംശയവുമില്ലാത്ത ഒരു യാഥാർത്ഥ്യമാണെന്നും സമീപകാലത്തായി ഈ മാറ്റങ്ങൾ അതിവേഗമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കുന്ന ശ്രീജിത്ത്, കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ അടുത്തടുത്ത വർഷങ്ങളിലുണ്ടായവയാണെന്നും ഓർമ്മിപ്പിക്കുന്നു.
ദുരന്തങ്ങളുടെ തീവ്രമുഖത്തേക്ക് ക്യാമറയുമായി കടന്നുചെല്ലുന്നത് തന്റെ ജോലിയുടെ ഭാഗമാണെങ്കിലും, അവിടെ നിന്നും തിരികെ മടങ്ങുന്നത് കടുത്ത ഭയവും സങ്കടവും നിറഞ്ഞ മനസ്സോടെയാണെന്ന് അദ്ദേഹം പറഞ്ഞു. 2018-ന് മുൻപ് വരെ വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങളോ അവയുടെ ഭീകരതയോ താൻ കണ്ടിരുന്നില്ല.
എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ച ദുരന്തങ്ങൾ നേരിൽ കണ്ടതോടെ, ഏത് നിമിഷവും ഇത്തരം വലിയ ആപത്തുകൾ നമ്മുടെ പടിവാടിക്കൽ എത്തിയേക്കാമെന്ന തിരിച്ചറിവിലാണ് താൻ ജീവിക്കുന്നത് എന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ മലഞ്ചെരുവുകളിലെ സുന്ദരമായ വീടുകൾ കാണുമ്പോൾ അവയുടെ സൗന്ദര്യത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചിരുന്നതെങ്കിൽ, ഇന്നീ ദുരന്തങ്ങളുടെ കയ്പ്പേറിയ യാഥാർത്ഥ്യങ്ങൾ നേരിൽ കണ്ടറിഞ്ഞ ശേഷം അത്തരം വീടുകൾ കാണുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് കവളപ്പാറയും പുത്തുമലയും വയനാടും അവിടെ ഒലിച്ചുപോയ ഭവനങ്ങളുമാണെന്ന് ശ്രീജിത്ത് പറയുന്നു.
ഈ വലിയ പ്രകൃതിദുരന്തങ്ങൾ തന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. കണ്ണൂർ ചെറുപഴശ്ശി സ്വദേശിയായ ശ്രീജിത്തിന്റെ കുടുംബത്തിൽ ഡോക്ടറായ ഭാര്യ നിത്യയും ഏകമകൻ നീഹാറും ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

