രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾക്ക് നിർണ്ണായക മുന്നേറ്റം. തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ടിവികെ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
അണ്ണാ ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണിത്. ഉപതിരഞ്ഞെടുപ്പ് നടന്ന ധാരാപുരത്ത് 2026 ഏപ്രിലിലെ പൊതുതിരഞ്ഞെടുപ്പിൽ ടിവികെ മൂന്നാം സ്ഥാനത്തായിരുന്നു.
അതേസമയം, ബംഗാളിലും അസമിലും ബിജെപി ശക്തമായ മുന്നേറ്റം തുടരുകയാണ്. ബംഗാളിൽ വോട്ടെണ്ണൽ നടക്കുന്ന രണ്ട് സീറ്റുകളിലും ബിജെപിയാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
നന്ദിഗ്രാമിൽ ബിജെപി 1,900 വോട്ടുകൾക്ക് മുന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് ഇതുവരെ 18 വോട്ടുകൾ മാത്രമാണ് നേടാനായത്.
കൂടാതെ, റെജിനഗർ മണ്ഡലത്തിൽ 900 വോട്ടുകളുടെ ലീഡുമായി ബിജെപി കുതിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. അസമിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.
പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി രണ്ടിടങ്ങളിൽ വിജയിച്ചതിനാൽ രാജിവച്ച തട്ടാഞ്ചാവടിയിലെ ഉപതിരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസ് സീറ്റ് നിലനിർത്തി. 8482 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയം.
ആകെ 13,358 വോട്ടുകളാണ് പാർട്ടി നേടിയത്. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്ക് 4876 വോട്ടാണ് ലഭിച്ചത്.
ഡിഎംകെയാണ് മൂന്നാമത് (നേടിയ വോട്ട്: 2664). 11 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
26,921 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1991 മുതൽ രംഗസാമി തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലം നിലനിർത്താൻ എൻഡിഎ മുന്നണിയുടെ ഭാഗമായി എൻആർ കോൺഗ്രസ് മുൻ എംഎൽഎ അശോക് ആനന്ദിനെയാണ് സ്ഥാനാർഥിയാക്കിയത്.
ടിവികെ പിന്തുണയോടെ കോൺഗ്രസിലെ ഇ.വിനായകമായിരുന്നു പ്രധാന എതിർ സ്ഥാനാർഥി. കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രംഗസാമി 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ടിവികെ പിന്തുണയോടെ മത്സരിച്ച നേയം മക്കൾ കക്ഷി സ്ഥാനാർഥിയായിരുന്ന ഇ.വിനായകത്തെ പരാജയപ്പെടുത്തിയത്.
അതേ വിനായകത്തെ തന്നെ പാർട്ടി സ്ഥാനാർഥിയായി രംഗത്തിറക്കിയുള്ള കോൺഗ്രസിന്റെ നീക്കം ലക്ഷ്യം കണ്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

