തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ മുന്നണി പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കാണാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇതിനോടകം ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ നടന്ന പ്രതിപക്ഷ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസം രാജ്ഘട്ടിൽ സംഘടിപ്പിച്ച പ്രതിഷേധം സമാധാനപരമായിരുന്നു.
മുൻപ് വിട്ടുനിന്ന സമാജ്വാദി പാർട്ടി ഉൾപ്പെടെയുള്ള കക്ഷികൾ രാജ്ഘട്ടിലെ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൂന്ന് പ്രത്യേക ബസ്സുകളിലായി എംപിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
തുടക്കത്തിൽ രാജ്ഘട്ടിലേക്ക് പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്ന് നിലപാടെടുത്ത പൊലീസ്, സമാധാനപരമായി പ്രാർത്ഥന നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പ്രവേശനം അനുവദിച്ചത്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചും ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം അറിയിക്കാനുമാണ് രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷത്തിന്റെ ഔദ്യോഗിക നീക്കം.
എന്നാൽ ഇതിനായി രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. ഇന്നും സമാനമായ രീതിയിൽ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഒത്തുകൂടിയ ശേഷം രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് സാധ്യത.
അനുമതി ലഭിച്ചില്ലെങ്കിൽ എംപിമാരെ തടയാനാണ് പൊലീസിന്റെ തീരുമാനം. വരും ദിവസങ്ങളിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും പ്രതിഷേധ പരിപാടികളുടെ ഭാഗമാകുമെന്ന് വിവരമുണ്ട്.
ഇതിനിടെ, നാളെ നടക്കാനിരിക്കുന്ന ജന്തർമന്തർ മാർച്ചിന്റെ പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാനത്ത് സുരക്ഷ വൻതോതിൽ വർധിപ്പിച്ചു. അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്.
പൊലീസ് തടയുന്ന പക്ഷം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നാണ് സംഘാടകരുടെ പ്രഖ്യാപനം. കൂടുതൽ പ്രതിഷേധക്കാർ എത്തിച്ചേരാനുള്ള സാധ്യത മുൻനിർത്തി, ഇവരെ കസ്റ്റഡിയിലെടുത്തു മാറ്റുന്നതിനായി ദില്ലിയിലെ വിവിധ സ്റ്റേഡിയങ്ങൾ ഒരുക്കിവെക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നും നാളെയും പ്രദേശത്തെ മദ്യഷാപ്പുകൾ അടച്ചിടാനും ഉത്തരവായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

