ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹമാധ്യമങ്ങളിൽ 80-കളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുകയാണ്. ബോളിവുഡ് ശൈലിയിലും കേരളാ സ്റ്റൈലിലുമുള്ള ഗ്യാങ്സ്റ്റർ ചിത്രങ്ങൾ, കപ്പിൾ ഫോട്ടോകൾ, ഫാമിലി ചിത്രങ്ങൾ എന്നിവയെല്ലാം 40 വർഷം പുറകോട്ടു സഞ്ചരിച്ചുള്ള ഈ ട്രെൻഡിന്റെ ഭാഗമായി പുറത്തുവരുന്നുണ്ട്.
ചാറ്റ്ജിപിടിയിൽ പ്രോംപ്റ്റുകൾ നൽകി ഫോട്ടോകളും സ്റ്റൈലുകളും മാറ്റിയെടുത്താണ് പലരും ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. സ്റ്റോറികളായും റീൽസായും പ്രൊഫൈൽ ചിത്രങ്ങളായും ലോകമെമ്പാടും ഈ ട്രെൻഡ് വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു.
മലയാളി യുവാക്കളും ഈ തരംഗത്തിനൊപ്പം ചേർന്നുകഴിഞ്ഞു. എന്നാൽ, ഈ ട്രെൻഡിന് പിന്നിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണ് സൈബർ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്കും ദുരുപയോഗത്തിനും ഇത് കാരണമായേക്കാം. ഉപയോക്താക്കൾ അപ്ലോഡ് ചെയ്യുന്ന മുഖത്തിന്റെ ചിത്രങ്ങളിൽ നിന്ന് കമ്പനികൾ കൃത്യമായ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഭാവിയിൽ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം. ഉയർന്ന റെസല്യൂഷനിലുള്ള ഫോട്ടോകൾ ഉപയോഗിച്ച് നിർമിക്കുന്ന എഐ ചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കാനും, ഡീപ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്താനും തട്ടിപ്പുകാർ ഉപയോഗിച്ചേക്കാം.
വ്യക്തിഗത ഫോട്ടോകൾ അപ്ലോഡ് ചെയ്യുമ്പോൾ ചിത്രങ്ങൾ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളിൽ ഇന്നും വ്യക്തതയില്ല. വ്യക്തിഗത വിവരങ്ങൾ തേർഡ് പാർട്ടി ആപ്പുകൾക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഡാറ്റ അനലിറ്റിക്സ് കമ്പനികൾക്കോ പരസ്യ ഏജൻസികൾക്കോ ഇത്തരം വിവരങ്ങൾ വിൽക്കപ്പെട്ടേക്കാമെന്നും സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മുഖത്ത് മാത്രം ഒതുങ്ങുന്ന ഒന്നല്ല.
അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ളവ കാണുന്നുണ്ടെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കാം. വ്യക്തിഗതമായി നമ്മളെ തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാ വിവരങ്ങളും സ്വകാര്യതയിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം നൽകുന്നതിന് തുല്യമാണ്.
ചിത്രങ്ങളിലെ മെറ്റാഡാറ്റ ഉൾപ്പെടെ ഓഫ് ചെയ്ത ശേഷമേ ഇത്തരം പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ. ഇതിനുപുറമെ മാനസികാരോഗ്യത്തെയും ഈ ട്രെൻഡ് ബാധിച്ചേക്കാം.
കൃത്രിമ ബുദ്ധി നിർമ്മിക്കുന്ന ചിത്രങ്ങൾ എപ്പോഴും തികഞ്ഞ പൂർണ്ണതയുള്ളവയായിരിക്കും. പ്രോംപ്റ്റ് നൽകി ലഭിക്കുന്ന ഇത്തരം ചിത്രങ്ങൾ ഉപയോക്താക്കളിൽ മിഥ്യയായ സൗന്ദര്യ മാനദണ്ഡങ്ങൾ വളർത്താൻ സാധ്യതയുണ്ട്.
യഥാർത്ഥ ജീവിതത്തിലെ സ്വന്തം ചിത്രവുമായി എഐ രൂപത്തെ താരതമ്യം ചെയ്യുന്നത് ആളുകളിൽ ആത്മവിശ്വാസക്കുറവുണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എൺപതുകളിലെ ഫാഷനും സംസ്കാരവും പുതിയ തലമുറയിലേക്ക് എത്തിക്കുന്ന ഒരു റിട്രോ ട്രെന്റായി ഇതിനെ കാണാമെങ്കിലും, അതീവ ജാഗ്രതയോടെ വേണം ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

