തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഒ ജെ ജനീഷ് മന്ത്രിയായി ചുമതലയേറ്റ കാര്യം തൃശൂർ ഡിസിസി ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് ഫർസീൻ പരിഹസിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തൻ്റെ അതൃപ്തി പരസ്യമാക്കിയത്. തങ്ങളുടെ നേതാവിനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സ്വാഭാവികമാണെങ്കിലും, അത് പരസ്യമായി പ്രകടിപ്പിക്കുന്നത് അല്പത്തരമാണെന്ന് ഫർസീൻ കുറിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫർസീൻ മജീദ്. സംസ്ഥാന ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
അനിൽ അക്കര, ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം പി ജാക്സൺ എന്നിവർക്ക് നൽകുന്ന സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
പ്രസ്തുത ഫ്ലക്സിൽ മന്ത്രി ഒ ജെ ജനീഷിൻ്റെ ചിത്രമോ പേരോ ഉൾപ്പെടുത്താത്തതിനെതിരെയാണ് ഫർസീൻ വിമർശനം ഉന്നയിച്ചത്. ഈ സ്വീകരണ ചടങ്ങിൽ ടി എൻ പ്രതാപൻ, വി എം സുധീരൻ, ജോസഫ് ടാജറ്റ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ഫർസീൻ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് ഡിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കമൻ്റുകൾ രേഖപ്പെടുത്തുന്നത്. ‘അതുകൊണ്ടാണ് ഇത്രയും വലിയ തരംഗം ഉണ്ടായിട്ടും തൃശൂർ ജില്ലയിൽ നിന്നും കോണ്‍ഗ്രസിന് മൂന്ന് എംഎൽഎമാർ മാത്രം ഉണ്ടായത്’, ‘എന്തുകൊണ്ട് തൃശൂരിൽ കോണ്‍ഗ്രസിന് വലിയ ജയം ഉണ്ടായില്ല എന്നതിന്റെ ഉത്തരം ഇതാണ്’, ‘ഡിസിസി പ്രസിഡന്റിന്റെ മനോനില പരിശോധിക്കണം’, ‘ടി എൻ പ്രതാപനെ എടുത്ത് കളയാതെ തൃശൂർ കോൺഗ്രസ് രക്ഷപ്പെടില്ല’, ‘കിളവന്മാർ എന്ന് ഈ പ്രസ്ഥാനം വിടുന്നോ അന്ന് തൃശൂർ നമ്മൾ കീഴടക്കും’ എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വന്ന പ്രതികരണങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

