മലയാള സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ സ്വാസിക, തന്റെ അഭിനയജീവിതത്തിന്റെ തുടക്കകാലത്തുണ്ടായ കടുത്ത പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തുന്നു. ഒരു അഭിമുഖത്തിലാണ് സിനിമാമേഖലയിലെ അവസരങ്ങൾക്കായി ശ്രമിക്കുന്നതിനിടെ തനിക്കുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങൾ താരം പങ്കുവെച്ചത്.
പതിനാറാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താൻ വലിയൊരു ചതിക്കുഴിയിലാണ് അകപ്പെട്ടതെന്ന് സ്വാസിക ഓർക്കുന്നു. ആദ്യത്തെ തമിഴ് ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിക്കാതിരുന്ന കാലയളവിൽ, പല മാനേജർമാരും തന്നെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു.
പ്രശസ്ത സംവിധായകൻ എ.ആർ മുരുഗദോസിനെ നേരിൽ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപയാണ് അന്ന് തന്നോട് ആവശ്യപ്പെട്ടത്. മകളുടെ സ്വപ്നങ്ങൾക്ക് വേണ്ടി അമ്മ തന്റെ കയ്യിലും കഴുത്തിലുമുണ്ടായിരുന്ന മുഴുവൻ സ്വർണ്ണാഭരണങ്ങളും ഊരി നൽകി ആ തുക കണ്ടെത്തി.
എന്നാൽ, പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ആ മാനേജറെ കാണാനില്ലായിരുന്നുവെന്നും ഒടുവിൽ ഹോട്ടൽ ബിൽ പോലും സ്വന്തം കൈയിൽ നിന്ന് അടയ്ക്കേണ്ടി വന്നുവെന്നും സ്വാസിക പറഞ്ഞു. ആ കാലഘട്ടത്തെക്കുറിച്ച് സ്വാസികയുടെ വാക്കുകൾ ഇങ്ങനെ: “പതിനാറ്, പതിനേഴ് വയസ്സില്‍ തുടങ്ങിയതാണ് ഈ യാത്ര.
ആ പ്രായത്തില്‍ ഇതെല്ലാം മനസ്സിലാക്കാനും അറിയാനുമുള്ള പക്വത എനിക്കുണ്ടായിരുന്നില്ല. ആദ്യത്തെ തമിഴ് സിനിമയുടെ ഓഡിഷന് പങ്കെടുത്തപ്പോള്‍ തന്നെ ഞാന്‍ സെലക്ടായി.
അപ്പോള്‍ എനിക്ക് ഒരു വൗ ഫീല്‍ ആയിരുന്നു. ഇത്രയേയുള്ളോ, റിജക്ഷന്‍സ് ഒന്നുമില്ലല്ലോ, എല്ലാം സൂപ്പറായി പോകുന്നു എന്നായിരുന്നു എന്റെ ധാരണ.
സിനിമ റിലീസ് ആവുകയും ചെയ്തു. പക്ഷേ വലിയ രീതിയില്‍ അത് റീച്ചായില്ല, അത്രയധികം റെക്കഗനേഷനും എനിക്ക് കിട്ടിയില്ല.
അപ്പോഴാണ് എന്തോ ശരിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായത്. ആ പ്രായത്തില്‍ അത് എനിക്ക് വലിയ വിഷമം ആയിരുന്നു.
കാരണം എന്റെ പഠനം പാതി വഴിയില്‍ ഇട്ടിട്ട്, എല്ലാവരോടും വഴക്കിട്ടാണ് ചെന്നൈയിലേക്ക് വന്നത്. എനിക്ക് വേണ്ടി അമ്മയും സംസാരിച്ചു.
അച്ഛന് ഞാന്‍ അഭിനയിക്കുന്നതില്‍ അന്ന് താത്പര്യമില്ലായിരുന്നു.” തുടർന്ന് മാനസികമായി തകർന്ന നാളുകളെക്കുറിച്ച് താരം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “തിരിച്ചു പോയാല്‍ എന്താവും എന്നറിയാതെ ദിവസവും രാത്രി ഇരുന്ന് കരഞ്ഞ കാലമായിരുന്നു അത്. ഡിപ്രഷന് എന്നതിനപ്പുറം, ആ അവസ്ഥ എന്താണ് എന്ന് തിരിച്ചറിയാന്‍ പോലും പറ്റിയിരുന്നില്ല.
അവസാനം കാണുന്ന ഓഡിഷന് എല്ലാം പോകാന്‍ തീരുമാനിച്ചു. പല മാനേജഴ്സും ഞങ്ങളെ പറ്റിച്ചു, ഇന്ന സംവിധായകരെ കാണാം, അവിടെ പോകാം ഇവിടെ പോകാം എന്ന് പറഞ്ഞ് പല ഇടങ്ങളിലും കൂട്ടിക്കൊണ്ടു പോയി.
മുരുഗദോസ് സാറിനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ചോദിച്ചു. ‘അമ്മ അവിടെ വെച്ച് കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണം എല്ലാം ഊരി പണം സെറ്റാക്കി.
ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ മാനേജര്‍ ഇല്ല, അവസാനം ആ ഹോട്ടല്‍ ബില്ലും ഞങ്ങള്‍ അടക്കേണ്ടി വന്നു.” ഏകദേശം പതിനഞ്ച് വർഷത്തോളം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് സ്വാസിക ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്.
സീരിയലുകളിലും സിനിമകളിലെ ചെറിയ വേഷങ്ങളിലും സജീവമായി കാത്തിരുന്ന താരം, ഒടുവിൽ താൻ ആഗ്രഹിച്ച അംഗീകാരത്തിലേക്ക് എത്തുകയായിരുന്നു. “തിരിച്ച് നാട്ടിലെത്തി സീരിയലുകളില്‍ ശ്രദ്ധിച്ചു.
ചെറിയ ചെറിയ വേഷങ്ങള്‍ സിനിമകളില്‍ ചെയ്തു. സ്റ്റേജ് ഹോസ്റ്റ് ചെയ്തു, ആങ്കറിങ് ചെയ്തു, എന്റെ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു.
അത് പതിനഞ്ച് വര്‍ഷത്തോളം നീണ്ടു നിന്നു. അവസാനം അത് സംഭവിച്ചു.
ഇന്ന് വലിയൊരു സ്റ്റേജില്‍ എആര്‍ മുരുഗദാസ് സാറിനെ പോലൊരാള്‍ എന്റെ അഭിനയത്തെ പ്രശംസിക്കുമ്പോള്‍ ആ ഒരു സര്‍ക്കിള്‍ പൂര്‍ത്തയായ ഫീലാണ് എനിക്ക്. അന്നാദ്യമായി ഞാന്‍ എന്നോട് തന്നെ താങ്ക്സ് പറഞ്ഞു, പരാജയപ്പെട്ട് പിന്നോട്ടു പോകാതെ കരുത്തോടെ മുന്നോട്ട് പോയതിന്.
ദൈവം സഹായിച്ച് കാശ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ, മറ്റൊന്നും നഷ്ടപ്പെട്ടില്ല,” സ്വാസിക കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

