പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട്, മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) സംഘം പരിശോധന നടത്തി. തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ചമച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിർണ്ണായക നടപടി.
കോടതിയിൽ നിന്ന് സെർച്ച് വാറന്റ് കൈപ്പറ്റിയ ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ നടപടികളിലേക്ക് കടന്നത്. ഈ കേസിൽ പ്രതിസ്ഥാനത്തുള്ള തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ വസതിയിലും സിഐഡി ഒരേസമയം റെയ്ഡ് നടത്തി.
കൊൽക്കത്തയിലെ 30ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമതയുടെ വസതിയിൽ വൈകുന്നേരത്തോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. ഈ വസതി തൃണമൂൽ കോൺഗ്രസിന്റെ കേന്ദ്ര ഓഫീസായി കൂടി പ്രവർത്തിക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്.
പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ചെറിയ തോതിലുള്ള തടസ്സങ്ങൾ ഉണ്ടായെങ്കിലും, ഒടുവിൽ അന്വേഷണ സംഘത്തിന് അകത്തു പ്രവേശിക്കാൻ സാധിച്ചു. ഇൻഡ്യ മുന്നണിയുടെ യോഗങ്ങൾക്കായി ഡൽഹിയിലായിരുന്ന മമത ബാനർജിയും അഭിഷേക് ബാനർജിയും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
കേസ് സംബന്ധിച്ച് അഭിഷേക് ബാനർജിക്ക് മൂന്നാമതൊരു നോട്ടീസ് കൂടി ഏജൻസി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് ഹാജരാകണമെന്നാണ് നിർദ്ദേശം.
നേരത്തെ ആരോഗ്യപ്രശ്നങ്ങളും ഹൈക്കോടതിയിലെ നടപടികളും ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നുവെങ്കിലും ഇത്തവണ സമയം നീട്ടി നൽകാൻ സിഐഡി തയ്യാറായില്ല. അഭിഷേക് ബാനർജി നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് ഇത്തരമൊരു പരിശോധനയിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചതോപാധ്യായയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നൽകിയ കത്തിനെച്ചൊല്ലിയാണ് വിവാദം തുടങ്ങിയത്. എഴുപതോളം എംഎൽഎമാരുടെ ഒപ്പിട്ട
കത്തിൽ കൃത്രിമം നടന്നതായി വിമത നേതാക്കളായ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവർ ആരോപിക്കുകയായിരുന്നു. ഈ രേഖകൾ എവിടെവെച്ച് തയ്യാറാക്കി, ഒപ്പുകൾ എങ്ങനെ ശേഖരിച്ചു തുടങ്ങിയ കാര്യങ്ങളാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്.
പാർട്ടിയിലെ ആഭ്യന്തര ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഈ സിഐഡി പരിശോധന പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 80 എംഎൽഎമാരിൽ 58 പേരും വിമത വിഭാഗത്തെ പിന്തുണച്ചതോടെ പാർട്ടിയിൽ നിലനിൽക്കുന്ന പ്രതിസന്ധി വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

