എംബിബിഎസ് കോഴ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദ്ദേശം സംസ്ഥാനത്ത് ചർച്ചയാകുന്നു. നാലര വർഷം ദൈർഘ്യമുള്ള കോഴ്സിന് അഞ്ചുവർഷത്തെ ഫീസ് ഈടാക്കുന്ന കീഴ്വഴക്കത്തിനെതിരെയാണ് കമ്മീഷന്റെ കർശന ഇടപെടൽ ഉണ്ടായിരിക്കുന്നത്.
2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ യഥാർത്ഥ കാലാവധി 54 മാസം അഥവാ നാലര വർഷമാണ്. ഈ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നേരത്തെ തന്നെ കമ്മീഷൻ നിർദ്ദേശിച്ചിരുന്നെങ്കിലും, കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഇത് നടപ്പിലാക്കാൻ തയ്യാറായിരുന്നില്ല.
നിലവിലെ സാഹചര്യത്തിൽ, അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നാണ് എൻഎംസിയുടെ നിർദ്ദേശം. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനത്തിൽ മൂന്നര ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെയാണ് അധിക ബാധ്യതയായി വരുന്നത്.
മൂന്നര മാസം മുമ്പ് പുറത്തിറക്കിയ സർക്കുലറിലും ഇതേ നിർദ്ദേശം കമ്മീഷൻ ആവർത്തിച്ചിരുന്നു. അതേസമയം, വിഷയത്തിൽ സർക്കാർ തലത്തിൽ വ്യക്തമായ ഇടപെടൽ വേണമെന്നാണ് ഫീസ് റഗുലേറ്ററി കമ്മീഷന്റെ നിലപാട്.
നിലവിൽ സംസ്ഥാനത്തെ ഫീസ് നിർണ്ണയ സമിതി അംഗീകരിച്ച ഉത്തരവുകളിൽ അഞ്ചു വർഷത്തെ ഫീസ് ഈടാക്കാമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവുകളിൽ മാറ്റം വരുത്താൻ സർക്കാർ നിർദ്ദേശം അനിവാര്യമാണെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഈ നിർദ്ദേശം ബാധകമല്ലെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ വാദിക്കുന്നത്. എന്നിരുന്നാലും, എൻഎംസി ഉത്തരവ് നടപ്പിലാക്കി അധിക ഫീസ് തിരികെ ലഭ്യമാക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥി സമൂഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

