ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്ത് പതിറ്റാണ്ടുകളായി തുടർന്നുപോന്ന സമ്പൂർണ്ണ മദ്യനിരോധനത്തിന് തിരശ്ശീല വീഴുന്നു. 1979-ലെ മദ്യനിരോധന നിയമം റദ്ദാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് വലിയൊരു നയമാറ്റം നടപ്പിലാക്കിയിരിക്കുന്നത്.
ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജൂൺ 5-ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ നിലവിൽ വന്നു.
ഇതിലൂടെ മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, വിൽപ്പന, ഉപഭോഗം എന്നിവയ്ക്ക് കർശനമായ ലൈസൻസിങ് വ്യവസ്ഥകളോടെ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികൾക്കോ കോർപ്പറേഷനുകൾക്കോ മാത്രമാകും മദ്യം ഇറക്കുമതി ചെയ്യാനും റീട്ടെയിൽ വിൽപ്പന നടത്താനും അനുവാദമുണ്ടാവുക.
പുതിയ നിയമപ്രകാരം ഉയർന്ന തോതിലുള്ള എക്സൈസ് ഡ്യൂട്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനും ഇറക്കുമതി ചെയ്യുന്ന മദ്യത്തിനും 400 ശതമാനം നികുതി ഈടാക്കും.
ബിയറിന് 200 ശതമാനവും വൈനിന് 80 ശതമാനവും എന്നിങ്ങനെയാണ് നികുതി നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിയമം മൂലം നിരോധിച്ചു.
മദ്യലഭ്യത നിയന്ത്രിക്കാനും ആവശ്യമെങ്കിൽ പ്രത്യേക പ്രദേശങ്ങളിൽ വീണ്ടും നിരോധനം ഏർപ്പെടുത്താനുമുള്ള അധികാരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഉണ്ടായിരിക്കും. വിനോദസഞ്ചാര ഭൂപടത്തിൽ ലക്ഷദ്വീപിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
മാലദ്വീപ് പോലുള്ള അയൽരാജ്യങ്ങളിലെ ടൂറിസം വിപണിയുമായി മത്സരിക്കുമ്പോൾ മദ്യനിരോധനം ഒരു തടസ്സമാണെന്ന വിലയിരുത്തലാണ് മാറ്റത്തിന് വഴിയൊരുക്കിയത്. നേരത്തെ ഫെബ്രുവരി മാസത്തിൽ ചില സർക്കാർ ഗസ്റ്റ് ഹൗസുകളിൽ നിയന്ത്രണങ്ങളോടെ മദ്യം അനുവദിക്കാൻ അനുമതി നൽകിയിരുന്നു.
മതപരവും സാംസ്കാരികവുമായ പ്രത്യേകതകൾ കണക്കിലെടുത്ത് 1979-ലാണ് ഇവിടെ മദ്യനിരോധനം ഏർപ്പെടുത്തിയത്. ബങ്കാരം, കവരത്തി തുടങ്ങിയ വിനോദസഞ്ചാര ദ്വീപുകളിലെ റിസോർട്ടുകളിൽ വിദേശികൾക്കായി മാത്രമായി പരിമിതമായ അനുമതി നേരത്തെ നൽകിയിരുന്നു.
എന്നാൽ, നിലവിലെ തീരുമാനത്തിനെതിരെ പ്രാദേശിക സമൂഹവും രാഷ്ട്രീയ നേതൃത്വവും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ജനപ്രതിനിധികളുമായോ തദ്ദേശീയരുമായോ കൂടിയാലോചിക്കാതെ നടപ്പിലാക്കുന്ന ഇത്തരം നിയമങ്ങൾ ദ്വീപിന്റെ സമാധാനാന്തരീക്ഷത്തെയും യുവതലമുറയെയും ദോഷകരമായി ബാധിക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഹംദുള്ള സയീദ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

