കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ ഇന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടമായി.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ചേലക്കടവിൽ മീൻ പിടിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മുക്കുതല സ്വദേശി മുഹമ്മദിന്റെ മകൻ മുർഷിദ് ആണ് മരിച്ചത്.
പാലക്കാട് കുഴൽമന്ദത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണൻ എന്ന രാമദാസ് മരണപ്പെട്ടു. തിരുവനന്തപുരം പട്ടം ഗേൾസ് സ്കൂളിലെ മതിൽ തകർന്നു വീണു.
സംസ്ഥാനതല പ്രവേശനോത്സവം നടന്ന സ്കൂളിലാണ് അപകടമുണ്ടായതെങ്കിലും ആർക്കും പരിക്കില്ല. കൂടാതെ, തിരുവനന്തപുരം കുന്നത്തുകാൽ ചിമ്മിണ്ടി സ്കൂളിന് സമീപത്തെ റോഡിന്റെ കൽക്കെട്ട് ഇടിഞ്ഞത് ഭീഷണിയായിരിക്കുകയാണ്.
സ്കൂൾ ബസുകൾ അടക്കം കടന്നുപോകുന്ന പ്രധാന പാതയാണിത്. പത്തനംതിട്ട കൂടൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ആൽമരം കടപുഴകി വീണുവെങ്കിലും ആളപായം ഒഴിവായി.
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ മൂലം വീടുകളിൽ വെള്ളം കയറുന്നതിൽ ആലപ്പുഴ ചേർത്തലയിലും തൃശ്ശൂർ ചെന്ത്രാപ്പിന്നിയിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ചെന്ത്രാപ്പിന്നിയിൽ മാത്രം ഇരുപതിലധികം വീടുകളിലാണ് വെള്ളം കയറിയത്.
തൃശൂർ എരുമപ്പെട്ടിയിലെ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണും, ശ്രീനാരായണപുരത്ത് താണിയൻ ബസാറിലെ വിജയലക്ഷ്മി വേണുഗോപാലിന്റെ വീടിന് ഇടിമിന്നലേറ്റും നാശനഷ്ടങ്ങൾ ഉണ്ടായി. കാസർകോട് കുമ്പളയിൽ കഞ്ചികട്ട
സ്വദേശി സുരേഷിന്റെ വീടിന്റെ ചുറ്റുമതിൽ മഴയെത്തുടർന്ന് തകർന്നു വീണു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

