മുണ്ടക്കയത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ
മുണ്ടക്കയം∙ ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന സ്ഥലത്ത് ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരാൾ കസ്റ്റഡിയിൽ. കെട്ടിടത്തിനുള്ളിൽ തീയിട്ടു എന്നു കരുതുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായി കണ്ട ആളെ പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മുണ്ടക്കയം സ്വദേശി അല്ലാത്തതും കുറച്ചു ദിവസങ്ങളായി ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുമായ ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്.
Also Read
കോസ് വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തിൽ രണ്ടാം നിലയിൽ ആണ് ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് കെട്ടുകൾ സൂക്ഷിച്ചിരുന്നത്.
പ്ലാസ്റ്റിക്കുകളിൽ തീ ആളിപ്പടർന്നതിനാൽ വലിയ പുക പ്രദേശത്ത് വ്യാപിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
പ്ലാസ്റ്റിക് ശേഖരണത്തിന്റെ പകുതിയോളം കത്തി നശിച്ചതൊഴിച്ചാൽ മറ്റ് അപകടങ്ങളില്ല. തീപിടിത്തം ഉണ്ടായ രണ്ടാം നില വൈദ്യുതീകരിച്ചതല്ല.
അതുകൊണ്ടുതന്നെ സ്വാഭാവികമായി തീപടരാൻ സാധ്യതയില്ല എന്നതിനാൽ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഞായർ അവധി ദിവസമായതിനാൽ താഴത്തെ നിലയിലുള്ള വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നില്ല.
റോഡ് കുറുകെ കടന്ന് എത്തിയ ആൾ താഴത്തെ നിലയുടെ തൂണിന്റെ അരികിൽ മറഞ്ഞിരുന്നു. തുടർന്ന് മുകൾ നിലയിലേക്ക് കയറി പോകുന്നതും സിസിടിവിയില് വ്യക്തമാണ്.
ഇയാൾ ഇറങ്ങി പോകുന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായിട്ടുള്ളത്. ഇയാളാണോ തീപിടിത്തത്തിന് കാരണമെന്നു അറിയാൻ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

