അഞ്ചാലുംമൂട് കടവൂർ കണ്ണമ്പലത്ത് വീട്ടിൽ വി. ഉണ്ണിക്കൃഷ്ണൻ നായർക്ക് കേരള ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് പശുക്കളെ കൈമാറി.
മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തിയാണ് കർഷകന് പശുക്കളെ കൈമാറിയത്. കഴിഞ്ഞ ദിവസം ശക്തമായ മഴയ്ക്കൊപ്പമുണ്ടായ മിന്നലേറ്റാണ് ഉണ്ണിക്കൃഷ്ണൻ നായരുടെ ഉപജീവനമാർഗമായിരുന്ന നാല് കറവപ്പശുക്കളും ഒരു കാളക്കുട്ടിയും ചത്തൊടുങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു ഈ ദാരുണമായ സംഭവം ഉണ്ടായത്. ഇരുമ്പ് ഷീറ്റ് മേഞ്ഞ തൊഴുത്തിൽ ഇരുമ്പുപൈപ്പിലാണ് പശുക്കളെ കെട്ടിയിരുന്നത്.
ഷീറ്റിലേറ്റ മിന്നൽ പൈപ്പിലൂടെ പശുക്കൾക്കും ഏൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 17 മാസവും 12 ദിവസവും പ്രായമുള്ള രണ്ട് കിടാവുകൾ മാത്രമാണ് രക്ഷപ്പെട്ടത്.
ജില്ല, അഞ്ചാലുംമൂട് വെറ്ററിനറി ആശുപത്രികളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പശുക്കളെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചെറുപ്രായത്തിൽ നാല് പശുക്കളെ വളർത്തി ക്ഷീരകർഷക രംഗത്തേക്ക് കടന്നുവന്ന ഉണ്ണിക്കൃഷ്ണൻ നായർക്ക് അടുത്തകാലത്ത് 16 പശുക്കൾ വരെ ഉണ്ടായിരുന്നു.
പ്രായാധിക്യത്തെത്തുടർന്നാണ് കന്നുകാലികളുടെ എണ്ണം കുറച്ചത്. മികച്ചൊരു നെൽകർഷകൻ കൂടിയായ അദ്ദേഹം കടവൂർ ക്ഷീര സംഘത്തിലെ ഭരണസമിതി അംഗവുമാണ്.
വിവിധ സംഘടനകളുടെ ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. പശുക്കളെ കൈമാറുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.
ഷീജ, അഞ്ചാലുംമൂട് സീനിയർ വെറ്ററിനറി സർജൻ ഡോ. ഡി.
ലത, ഡോ. സോജ, എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം നൗഫൽ ഖാൻ, കെഎൽഐഎ ഭാരവാഹികളായ പ്രശാന്ത്, ഇ.
നജീബ്, എം. അബ്ദുൽസലാം, മുകേഷ്, നവീൻ മഞ്ഞിപ്പുഴ, ബിനുകുമാർ, സാബു, ജെയ്സൺ, രഘുനാഥൻ പിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

