എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിൽ വൻതോതിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായത്. ഇതിന് പുറമെ കൊച്ചി നഗരത്തിൽ എക്സൈസ് സംഘം നടത്തിയ മറ്റൊരു പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്.
പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ കെഎസ് (32), തോപ്പുംപടി പ്രതീക്ഷ നഗർ കെ വി തോമസ് റോഡിൽ കുരിശിങ്കൽ വീട്ടിൽ ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് ആലുവയിൽ പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവയിലെ പ്രമുഖ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെ പിടികൂടിയത്.
തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ച് തോപ്പുംപടിയിലുള്ള ഷിനു സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെത്തുകയായിരുന്നു.
തമിഴ്നാട്ടിൽനിന്നാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ടൂറിസ്റ്റ് ബസിൽ യാത്രക്കാരായെത്തിയ പ്രതികൾ വാഴക്കുലയ്ക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്.
എറണാകുളം, ആലുവ മേഖലകളിലെ നിരവധി ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് വിതരണം ചെയ്യുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി ബംഗളൂരു–തമിഴ്നാട് മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
ലഹരിമരുന്ന് കടത്തിലും വിതരണത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാറിന്റെയും നേതൃത്വത്തിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എച്ച്.
ഷമീർ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ് വി., എ.എസ്.ഐ.
നൗഷാദ് കെ.എ., സിവിൽ പോലീസ് ഓഫീസർമാരായ മാഹിൻഷാ അബൂബക്കർ, മനോജ് കെ.എം., മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ, അഫ്സൽ, ഗസ്നി, ശ്രീരാജ് എം.എസ്., ഷമീൻ എസ്., അനിൽജിത് എം.ബി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയിലും അറസ്റ്റിലും പങ്കെടുത്തത്.
ഇവർ ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും ഇവരിൽ നിന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ, ബെംഗളൂരുവിൽ നിന്ന് 27 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി എത്തിയ നെട്ടൂർ സ്വദേശി അനസ് സിദ്ധിഖിനെയാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
ഒരാഴ്ചയായി അനസ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ ചെറുകിട
ലഹരി വിൽപ്പനക്കാരിൽനിന്ന് പണം മേടിച്ചശേഷം, ബെംഗളൂരുവിലെത്തി ലഹരി വസ്തുക്കൾ വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ബെംഗളൂരുവിൽ നിന്ന് വാങ്ങുന്നതിന്റെ മൂന്നിരട്ടി വിലക്കായിരുന്നു അനസ് കൊച്ചിയിൽ വിൽപ്പന നടത്തിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

