അബുദാബി: ഒമാൻ കടലിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 22 ജീവനക്കാരെ യുഎഇ നാഷണൽ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. കപ്പലിന് തീപിടിച്ചതായി ജീവനക്കാരിൽ നിന്ന് കോസ്റ്റ് ഗാർഡിന് സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രത്യേക രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു.
കപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ അറബ് പൗരന്മാരാണെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി.
കപ്പലിൽ തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസവും അറേബ്യൻ ഉൾക്കടലിൽ തീപിടിച്ച ഒരു എണ്ണക്കപ്പലിൽ (MT GEM No.
2) നിന്ന് 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് സമാനമായ രീതിയിൽ രക്ഷപ്പെടുത്തിയിരുന്നു. ഈ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇറാനെതിരെ പുതിയ രണ്ട് നീക്കങ്ങളുമായി അമേരിക്ക രംഗത്തെത്തി. ഇറാന്റെ ആയുധ നീക്കം തടയാനെന്ന പേരിൽ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു.
കര വഴിയും കടൽ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെൻട്രൽ കമാൻഡ് നടത്തി.
ഒരു ഭാഗത്ത് യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, മറുഭാഗത്ത് ഇറാനെ പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ അമേരിക്ക നടത്തുന്നത്. ആണവ പദ്ധതികൾ, സ്ഥലം, പിന്നിലുള്ള വ്യക്തികൾ തുടങ്ങിയ വിവരം നൽകുന്നവർക്ക് വൻ പാരിതോഷികമാണ് അമേരിക്ക പ്രഖ്യാപിച്ചത്.
അമേരിക്കയുടെ പാരിതോഷിക പ്രഖ്യാപനത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

