തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാനക്കാരുടെ വിവരങ്ങൾ ശേഖരിക്കാതെ വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് ഇൻസ്പെക്ടർ എം.കെ.രമേഷ് വ്യക്തമാക്കി. പ്രദേശത്ത് അതിഥിത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ കടുത്ത നടപടി.
ചാവക്കാട്, വടക്കേക്കാട് സ്റ്റേഷൻ പരിധികളിൽ സുരക്ഷാ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെയും രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി, പാലയൂർ മെയിൻ റോഡിലെ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരിയെ തലയ്ക്കടിച്ച് പരുക്കേൽപിച്ച കേസിൽ ബംഗാൾ സ്വദേശിയായ കൊലക്കേസ് പ്രതിയെ പൊലീസ് പിടികൂടി. കഴിഞ്ഞ 29നു വൈകിട്ടാണ് പുന്നയൂർക്കുളം സ്വദേശിനിയായ രജനിക്ക്(43) നേരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഗൗതംപാലിനെയാണ്(47) സിഐ എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 വർഷമായി ഈ മേഖലയിൽ ജോലി ചെയ്തുവരുന്നയാളാണ് പ്രതി.
സാരമായി പരുക്കേറ്റ രജനി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്ഐ പ്രീത ബാബു, സീനിയർ സിപിഒ സജീവൻ, സിപിഒമാരായ രജിത്ത്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തിൽ, കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമദൈവ നവഗ്രഹ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് അസം സ്വദേശികൾ അറസ്റ്റിലായി.
അസം നഗോർ സ്വദേശി സുഹൈൽ അലി(19), അസം ദുംദുമ സ്വദേശി അസൽ അലി(30) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 24ന് പുലർച്ചെയായിരുന്നു ക്ഷേത്രത്തിലെ ശ്രീകോവിലുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ചത്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൊച്ചി വൈറ്റില മേൽപാലത്തിന് അടിയിൽ ഒളിപ്പിച്ചിരുന്ന മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാർ, മതിലകം സിഐ വിമൽ, എസ്എച്ച്ഒ നസിയ എം.
സാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

