മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽത്ത് ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ത്യാ സഖ്യം എംപിമാർ ഗാന്ധി സമാധിയിൽ എത്തി പ്രത്യേക പ്രാർത്ഥനകൾ നടത്തി.
കൊണാട്ട് പ്ലേസിലെ മോട്സ് ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് എംപിമാർ മൂന്ന് പ്രത്യേക ബസുകളിലായി രാജ്ഘട്ടിലേക്ക് പുറപ്പെട്ടത്. സമരത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവർത്തകരും തെരുവിൽ അണിനിരന്നു.
രാജ്യദ്രോഹം നടത്തിയ മുഴുവൻ പേർക്കുമെതിരെ ശക്തമായ നടപടികൾ ഉറപ്പാക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ദിവസമാണ് ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇന്നലത്തെ പോലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ എംപിമാർക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. കൊണാട്ട് പ്ലേസ് ഇന്നർ സർക്കിളിലെ മോഡ്സ് ഹോട്ടലിൽ നടന്ന യോഗത്തിൽ അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു.
മുൻ ദിവസങ്ങളിൽ വിട്ടുനിന്ന സമാജ്വാദി പാർട്ടി എംപിമാരും ഇന്നത്തെ പ്രതിഷേധ പരിപാടികളിൽ സജീവമായി പങ്കാളികളായി. വലിയ തോതിൽ പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്ന് കൊണാട്ട് പ്ലേസ് മേഖലയിൽ ദില്ലി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ശക്തമായ സുരക്ഷാ വലയം തീർത്തു.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മൂന്ന് ബസുകളിലായി നേതാക്കൾ രാജ്ഘട്ടിലേക്ക് തിരിച്ചത്. തുടക്കത്തിൽ രാജ്ഘട്ടിലേക്ക് പ്രവേശനം അനുവദിക്കാൻ ആകില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
എങ്കിലും സമാധാനപരമായ രീതിയിൽ പ്രാർത്ഥന നടത്താമെന്ന ഉറപ്പിനെ തുടർന്നാണ് അധികൃതർ അനുമതി നൽകിയത്. പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിൽ ബസുകൾക്കുള്ളിൽ തന്നെ ഇരുന്ന് പ്രതിഷേധം തുടരാനായിരുന്നു പ്രതിപക്ഷത്തിന്റെ പ്രാരംഭ ആലോചന.
മിന്റോ റോഡ് വഴി ഏകദേശം രണ്ട് മണിക്കൂർ സഞ്ചരിച്ചാണ് എംപിമാരുടെ വാഹനവ്യൂഹം രാജ്ഘട്ടിൽ എത്തിയത്. തുടർന്ന് വൈകുന്നേരം അഞ്ചരയോടെയാണ് എംപിമാരെ അകത്തേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചത്.
മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ നേതാക്കൾ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കുറഞ്ഞ സമയം മൗനപ്രാർത്ഥനയിലും പങ്കെടുത്തു. രാജ്ഘട്ടിലെ സന്ദർശക സമയം അവസാനിക്കുന്ന വൈകുന്നേരം ആറ് മണിക്ക് തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് പ്രവേശിച്ച് നേതാക്കളോട് മടങ്ങാൻ അഭ്യർത്ഥിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെ സമാധി മേഖലയിലേക്ക് കടത്തിവിടാൻ സുരക്ഷാ സേന തയ്യാറായില്ല. കൃത്യം ആറ് മണിയോടെ എംപിമാർ രാജ്ഘട്ടിൽ നിന്ന് മടങ്ങിയത് പോലീസിന് ആശ്വാസമായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് ബലംപ്രയോഗിച്ചാണ് നീക്കം ചെയ്തിരുന്നത്. വരുന്ന ദിവസങ്ങളിലും പ്രക്ഷോഭം കൂടുതൽ തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഇതിനിടയിൽ, എംപിമാർ ഒത്തുകൂടിയ ഹോട്ടലിന് മുന്നിലെത്തി സർക്കാരിന് അനുകൂലമായും കോൺഗ്രസിന് എതിരായും മുദ്രാവാക്യം വിളിച്ച വ്യക്തിയെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തത് നേരിയ സംഘർഷത്തിന് കാരണമായി. ഇത് കശ്മീരി മുസ്ലിം യുവാവിനെയാണ് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചതെന്ന് ബി ജെ പി വക്താവ് സിദ്ധാർത്ഥ് യാദവ് ആരോപിച്ചു.
സമരത്തിന് ജനങ്ങളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും പുറത്തുനിന്നുള്ള ചുരുക്കം ചിലർ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ബി ജെ പി കുറ്റപ്പെടുത്തി. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന ഈ കൂട്ടായ നീക്കത്തിലൂടെ ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരത്തിന്റെ മുൻകൈ നിലനിർത്താൻ ഇന്ത്യാ മുന്നണിക്ക് സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

