തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക പുരോഗതി.
കേസിൽ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.
സംഭവത്തിൽ ഇനി രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിൻഷാദ്, റയീസ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
ഒളിവിലുള്ള ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് ഫസൽ നഗർ കടപ്പുറത്ത് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും വ്യക്തമായിരുന്നു. അതിക്രൂരമായാണ് യുവാവിനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
കൊല്ലപ്പെട്ട സലാമിന്റെ ശരീരമാസകലം ഗുരുതരമായ മുറിവുകളുണ്ടായിരുന്നു.
മർദനമേറ്റ് വാരിയെല്ല് തകർന്നനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്.
പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട സലാം.
ചൊവ്വാഴ്ച രാത്രിയാണ് പ്രതികളും സലാമും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. പ്രതികളിൽ ബിൻഷാദ് അടക്കമുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
തർക്കത്തിനൊടുവിൽ ഇവർ ഇടിക്കട്ട ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സലാമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

